തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ കത്തിന്റെ നിജസ്ഥിതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തൽക്കാലം ആരെയും പ്രതികളാക്കാതെ കേസ് റജിസ്റ്റർ ചെയ്യാൻ നീക്കം. കത്ത് വിഷയത്തിൽ എന്തു ചെയ്തു എന്നു സർക്കാരിനോടു കോടതി ചോദിച്ച സാഹചര്യത്തിലാണ് ഉടനെ കേസെടുക്കാൻ നീക്കമെന്നറിയുന്നു.
ഇപ്പോൾ കേസ് മാത്രം റജിസ്റ്റർ ചെയ്ത് അന്വേഷണം നീട്ടുകയും ഏതാനും മാസം കഴിഞ്ഞ് തെളിവില്ലെന്നു പറഞ്ഞു കേസ് അവസാനിപ്പിക്കുകയുമാവാം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ നിർദേശ പ്രകാരമാണത്രെ ഇത്. കത്തു വിവാദത്തിൽ ഹൈക്കോടതി ഇടപെടലുണ്ടായതിനു പിന്നാലെയാണ് അന്വേഷണം തങ്ങളുടെ കൈവിട്ടു പോകാതിരിക്കാൻ കേരള പൊലീസ് നീക്കം തുടങ്ങിയത്.
കേസ് റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഉടൻ ക്രൈംബ്രാഞ്ച് മേധാവിക്കു റിപ്പോർട്ട് നൽകും. അനുമതി ലഭിച്ചാലുടൻ, പ്രതികളുടെ പേരില്ലാതെ കേസ് റജിസ്റ്റർ ചെയ്യാനാണ് ആലോചന. ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നിലനിൽക്കുന്നതിനാൽ, ഈ വിഷയത്തിൽ തങ്ങൾ കേസെടുത്ത് അന്വേഷിക്കുകയാണെന്ന വിവരം കോടതിയെയും ധരിപ്പിക്കും.
നാലു വർഷം മുൻപ്, കുണ്ടമൺകടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ ആരെയും പ്രതിസ്ഥാനത്ത് ഉൾപ്പെടുത്താതെയാണ് കേസ് റജിസ്റ്റർ ചെയ്തത്. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും പിന്നീടു ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. പുരോഗതിയില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ടു നൽകാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു.
എന്നാൽ, പെട്ടെന്നു തെളിവുകൾ പൊട്ടിമുളച്ചു എന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് ഒരു മൊഴി പുറത്തുവിട്ടതും പരേതനായ കുറ്റവാളിയെ കണ്ടെത്തിയതും. ആശ്രം കത്തിച്ച കേസ് അന്വേഷിക്കുന്ന സംഘത്തെത്തന്നെയാണ് കത്തു വിവാദവും ഏൽപിച്ചിരിക്കുന്നത്. ഈ സംഘം തന്നെയാണ് എകെജി സെന്റർ പടക്കമേറ് കേസും അന്വേഷിച്ചത്. രണ്ടിലും അന്വേഷണം നീണ്ടുപോയി.
സൈബർ ഡോമിന് രേഖകൾ കൈമാറിയില്ല
മേയറുടെ കത്തിന്റെ ഉറവിടവും പ്രചരിപ്പിച്ചവരെയും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ കേരള പൊലീസിന്റെ സൈബർ ഡോമിൽ സംവിധാനമുണ്ട്. അവിടെ പരാതിയും കേസുമില്ലാതെ ഏതു വിഷയത്തിലും ഉടൻ ഉറവിടം കണ്ടെത്താം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത് അപ്രകാരമാണ്. ഏറെ പ്രാധാന്യമുള്ള കേസായിട്ടും വിവാദ കത്തിന്റെ പകർപ്പും മറ്റും ഇതുവരെ സൈബർ ഡോമിനു കൈമാറിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇത് ആദ്യം തന്നെ കൈമാറേണ്ടിയിരുന്നെങ്കിലും ഉന്നതതല ഇടപെടലിനെത്തുടർന്ന് അതു ചെയ്തിട്ടില്ല.

