തേഞ്ഞിപ്പലം: ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുശേഷം മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി കാലിക്കറ്റ് സര്‍വകലാശാല. ബുധനാഴ്ച തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. മൂല്യനിര്‍ണയ ക്യാമ്പുകളിലാണ് ആദ്യം ഇതുപയോഗിക്കുക. അഞ്ച് ജില്ലകളിലായി അഞ്ച് ക്യാമ്പുകളാണ് ബി.എഡിനുള്ളത്. ക്യാമ്പ് മാനേജര്‍ എന്ന പേരിലുള്ള ആപ്പ് പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ക്യാമ്പ് ചെയര്മാന്, ചീഫ്, അഡീഷണല്‍ ചീഫ് എന്നിവര്‍ക്ക് യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ഇതില്‍ കയറി മാര്‍ക്കുകള്‍ രേഖപ്പെടുത്താനാകും. ഫാള്‍സ് നമ്പറിടുന്നതിനുപകരം ബാര്‍കോഡ് ഉപയോഗിച്ച വിജയകരമായാണ് ബി.എഡ്. പരീക്ഷ നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് മൂല്യനിര്‍ണയത്തിലും പുതിയ സാങ്കേതികവിദ്യ.
ഉത്തരക്കടലാസ് പരിശോധനയ്ക്കുശേഷം ക്യാമ്പ് ചെയര്‍മാനോ പരീക്ഷാചീഫോ മാര്‍ക്കുകള്‍ രേഖപ്പെടുത്തി പരീക്ഷാഭവനില്‍ എത്തിക്കുന്നതാണ് ഇതുവരെയുള്ള രീതി. ഓരോ ദിവസവും മൂല്യനിര്‍ണയം അവസാനിക്കുമ്പോള്‍ തന്നെ ആപ്പ് ഉപയോഗിച്ച് മാര്‍ക്കുകള്‍ രേഖപ്പെടുത്താനാകും. തത്സമയം ഇത് സര്‍വകലാശാലാ ഡിജിറ്റല്‍ വിഭാഗത്തില്‍ ലഭിക്കും. രാവിലത്തെ സെഷനില്‍ 15 ഉത്തരക്കടലാസുകളും ഉച്ചക്ക് ശേഷം 10 എണ്ണവുമാണ് ഒരധ്യാപകന് പരിശോധിക്കേണ്ടത്. ഓരോ ദിവസവും മാര്‍ക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനാല്‍ ഫലപ്രഖ്യാപനം വേഗത്തില്‍ നടത്താനാകും.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ആപ്പ് പ്രകാശനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആപ്പ് തയാറാക്കുന്നതിന് സിസ്റ്റം അനലിസറ്റ് രഞ്ജിമ രാജ്, പ്രോഗ്രാമര്‍മാരായ പി. അബ്ദുള്‍ നാസര്‍, ഡി.എഫ്. മുദസര്‍, സി. ഷിമി എന്നിവരാണു പ്രയത്നിച്ചത്. ഇവരെ സിന്‍ഡിക്കേറ്റംഗങ്ങള്‍ അനുമോദിച്ചു.

