രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് ചുമതലയേല്‍ക്കും

ന്യൂഡൽഹി: രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് 09/11/22 ബുധനാഴ്ച ചുമതലയേല്‍ക്കും. ജസ്റ്റിസ് യുയു ലളിതിന് പിന്‍ഗാമിയായാണ് ചന്ദ്രചൂഡെത്തുന്നത്. ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് അദ്ദേഹം. ഇതാദ്യമായാണ് പിതാവ് ഇരുന്ന ചീഫ് ജസ്റ്റിസ് പദവിയിലേക്ക് മകന്‍ എത്തുന്നത്. 

2022 നവംബര്‍ എട്ടിനായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിത് വിരമിച്ചത്. നേരത്തെ സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദ്ദേശിക്കുകയെന്ന പതിവ് പിന്തുടര്‍ന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നു. അയോദ്ധ്യ അടക്കം സുപ്രധാന വിധികളുടെ ഭാഗമായിട്ടുള്ള ജഡ്ജിയാണ് ചന്ദ്രചൂഡ്.

 1959 നവംബര്‍ 11നാണ് ഡി വൈ ചന്ദ്രചൂഡ് ജനിച്ചത്. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്നാണ് മുഴുവന്‍ പേര്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പഠിച്ച അദ്ദേഹം പ്രശസ്തമായ ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു. ഹാര്‍വാര്‍ഡില്‍, നിയമത്തില്‍ ബിരുദാനന്തര ബിരുദവും (എല്‍എല്‍എം) ഫോറന്‍സിക് സയന്‍സില്‍ ഡോക്ടറേറ്റും (എസ്‌ജെഡി) പൂര്‍ത്തിയാക്കി. ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍, യേല്‍ ലോ സ്‌കൂള്‍, ദക്ഷിണാഫ്രിക്കയിലെ വിറ്റ്വാട്ടര്‍സ്റാന്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്.

39-ആം വയസ്സില്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകന്‍ കൂടിയാണ് ഇദ്ദേഹം. 1998-ല്‍ അദ്ദേഹം ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും നിയമിതനായിരുന്നു. അഭിഭാഷകനായിരുന്ന കാലത്ത് അദ്ദേഹം ഒക്ലഹോമ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ ലോ പഠിപ്പിക്കുകയും ബോംബെ യൂണിവേഴ്‌സിറ്റിയിലെ താരതമ്യ ഭരണഘടനാ നിയമത്തില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 2000 മാര്‍ച്ച് 29-ന് അദ്ദേഹം ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2013 ഒക്ടോബര്‍ 31-ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹം സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 

1976ലെ എഡിഎം ജബല്‍പൂര്‍ കേസില്‍ ഇന്ത്യയുടെ 16ാം ചീഫ് ജസ്റ്റിസും പിതാവുമായ വി വൈ ചന്ദ്രചൂഡിന്റെ തീരുമാനം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റദ്ദാക്കിയിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതിയുടെ വിധിയില്‍ അദ്ദേഹം പറഞ്ഞു. മുന്‍ ചീഫ് ജസ്റ്റിസിന്റെ തീരുമാനം ‘ഗുരുതരമായി തെറ്റാണ്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് ഖേല്‍ക്കര്‍, ജസ്റ്റിസ് ആര്‍ കെ അഗര്‍വാള്‍, ജസ്റ്റിസ് എസ് എ നസീര്‍ എന്നിവരും ഇതിനെ പിന്തുണച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →