ന്യൂഡല്‍ഹി: ഈജിപ്തിലെ ഷറം അല്‍ഷെയ്ഖില്‍ കാലാവസ്ഥ ഉച്ചകോടിയ്ക്ക് തുടക്കമായി. 1995 മുതല്‍ എല്ലാ വര്‍ഷവും ഐക്യരാഷ്ട്ര സംഘടന നടത്തുന്ന കാലാവസ്ഥാ ഉച്ചകോടിയാണ് ക്ലൈമറ്റ് കോണ്‍ഫറന്‍സസ് ഒഫ് ദ പാര്‍ട്ടീസ് അഥവാ കോപ്. ഇതിന്റെ 27-ാം പതിപ്പാണ് ഇത്തവണ. രാഷ്ട്രത്തലവന്മാര്, രാഷ്ട്രീയ നേതാക്കള്‍, കാലാവസ്ഥാ വിദഗ്ദ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് ആഗോള കാലാവസ്ഥാ ചര്‍ച്ചകള്‍ നടത്തും. ഐക്യരാഷ്ട്ര സംഘടനയുടെ ഫ്രെയിംവര്‍ക്ക് കണ്വെന്ഷന് ഓണ്‍ ക്ലൈമറ്റ് ചേഞ്ചില്‍ ( യു.എന്‍.എഫ്.സി.സി.സി ) ഒപ്പുവച്ചിട്ടുള്ള ലോകരാജ്യങ്ങളാണ് ഉച്ചകോടിയില്‍ ഒത്തുകൂടുന്നത്. കഴിഞ്ഞ വര്‍ഷം ഗ്ലാസ്ഗോയിലായിരുന്നു ഉച്ചകോടി. കൊവിഡ് പശ്ചാത്തലത്തില്‍ 2020ല്‍ ഉച്ചകോടി നടന്നില്ല. അടുത്ത വര്‍ഷത്തേത് ദുബായില്‍ നടക്കും. യു.എസ് പ്രസിഡന്റ് ജോ ബൈഡന്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി 90 രാഷ്ട്രത്തലവന്മാരും 190ലേറെ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. ഇന്ത്യന്‍ സംഘത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് നയിക്കും. 2016ല്‍ മൊറോക്കോയ്ക്ക് ശേഷം ആദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യം കോപ് ഉച്ചകോടിക്ക് വേദിയാകുന്നത്. 18നായിരിക്കും കാലാവസ്ഥാ ഉച്ചകോടി സമാപിക്കുക. ഉച്ചകോടിയുടെ മുന്നോടിയായി ഷറം അല്‍ഷെയ്ഖിനെ ഹരിതനഗരമാക്കി മാറ്റിയിരുന്നു.
ചര്‍ച്ച വിഷയമാവുക ഇവയൊക്കെ
1 കാലവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ കാര്‍ബണ്‍ ബഹിര്‍ഗ്ഗമനം കുറയ്ക്കാനും വനങ്ങള്‍ സംരക്ഷിക്കാനും ദരിദ്രരാജ്യങ്ങള്‍ക്ക് സാമ്പത്തിക,? സാങ്കേതിക സഹായം നല്‍കാനും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തെ ഗ്ലാസ്ഗോ ഉച്ചകോടിയിലെ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള നടപടികളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.
2-2021-ല്‍ ഗ്ലാസ്ഗോ ഉച്ചകോടിയില്‍ പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനം, വനസംരക്ഷണം, കാലാവസ്ഥാ സഹായധനം എന്നിവയുമായി ബന്ധപ്പെട്ട പ്രതിജ്ഞകള്‍ പ്രകാരം 193 രാജ്യങ്ങളില്‍ 23 രാജ്യങ്ങള്‍ മാത്രമാണ് ഐക്യരാഷ്ട്രസഭയ്ക്ക് തങ്ങളുടെ പദ്ധതി സമര്‍പ്പിച്ചത്.ഹരിതഗൃഹ വാതക ബഹിര്‍ഗമനം വര്‍ധിക്കുന്നതു മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണം സമ്പന്നരാജ്യങ്ങളാണെന്നു കാണിച്ച് വികസ്വരരാജ്യങ്ങള്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതും വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇക്കാര്യം ഔദ്യോഗിക അജന്‍ഡയിലുള്‍പ്പെടുത്തിയില്ലെങ്കിലും ഇതും ചര്‍ച്ചാ വിഷയമാകും.
3-കാലാവസ്ഥാ പ്രതിസന്ധികള്‍ നേരിടാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് 2020ഓടെ ഓരോ വര്‍ഷവും ആകെ 10000 കോടി ഡോളര്‍ നല്കാന് 2009ല്‍ കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ സമ്പന്നരാജ്യങ്ങള്‍ ഉറപ്പ് നല്‍കിയത് ഇതുവരെ പ്രാവര്‍ത്തികമാകാത്തതും ചര്‍ച്ചയാകും. ലക്ഷ്യം കൈവരിക്കാനുള്ള പരിധി 2025 വരെ നീട്ടാന്‍ 2015ല്‍ തീരുമാനിച്ചെങ്കിലും പുരോഗതിയുണ്ടായിട്ടില്ല.
4-പാകിസ്ഥാനിലെ പ്രളയം, യൂറോപ്പിലെ 500 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ചൂട്, ഫിലിപ്പീന്‍സ്, ക്യൂബ, യു.എസ് എന്നിവിടങ്ങളിലെ കൊടുങ്കാറ്റുകള്‍ തുടങ്ങി ഈ വര്‍ഷം ലോകം അഭിമുഖീകരിച്ച കാലാവസ്ഥാ പ്രതിസന്ധികളും ചര്‍ച്ചയാകും.
5-ധനകാര്യം, ശാസ്ത്രം, ലിംഗനീതി, ജലം, ഊര്‍ജം, ജൈവെവിധ്യവും പരിഹാരങ്ങളും തുടങ്ങിയവയാണ് ഈ വര്‍ഷത്തെ മറ്റ് പ്രധാന വിഷയങ്ങള്‍.
ഇന്ത്യയുടെ നിലപാട്
പുനരുല്പാദന ഊര്‍ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ നേരത്തേ പ്രഖ്യാപിച്ചതിനെക്കാള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ഇന്ത്യസന്നദ്ധമാണ്. അതേസമയം, കല്‍ക്കരി പോലുള്ള ഊര്‍ജ സങ്കേതങ്ങളെ ഉപേക്ഷിക്കാനും വികസന കാര്യത്തില്‍ പിന്നാക്കം പോകാനും ഒരുക്കമല്ല. കൂടുതല്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകുമ്പോള്‍ പോലും സമ്പന്ന രാജ്യങ്ങളുടെ പാപഭാരം ഏറ്റെടുക്കാന്‍ തയാറല്ല. പുതിയ ഉത്തരവാദിത്തങ്ങളെപ്പറ്റി തുറന്ന മനസ്സാണ്. പക്ഷേ, ആദ്യം നിങ്ങള്‍ വാഗ്ദാനം ചെയ്തതു പാലിക്കണം. പാരിസ് സമ്മേളനത്തിനു മുന്‍പ് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ജി 20 രാജ്യങ്ങളില്‍ ഏറ്റവും മുന്നിലാണ് ഇന്ത്യ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസ് സമ്മേളനത്തില്‍ മുന്നോട്ടുവച്ച രാജ്യാന്തര സോളര്‍ സഖ്യം ഒരു യാഥാര്‍ഥ്യമായിരിക്കുകയാണ്. ഇന്ത്യയിലെ ഗുരുഗ്രാം ആസ്ഥാനമായ ആദ്യ ബഹുരാഷ്ട്ര സംഘടനയായിരിക്കുകയാണ് ഈ സഖ്യം. ദുരന്ത പ്രതിരോധ സംവിധാനത്തിനുള്ള സഖ്യം എന്ന മറ്റൊരു പ്രധാന പ്രസ്ഥാനത്തിനും ഇന്ത്യ ആസ്ഥാനമാകുകയാണ്. ബ്രിട്ടന് ആണ് ഇന്ത്യയോടൊപ്പം അതില്‍ സഹകരിക്കുന്നത്.
കാലാവസ്ഥാനിക്ഷേപമെന്ന ആശയവുമായി വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ്
കാലാവസ്ഥാസംബന്ധിയായ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള നിക്ഷേപത്തിന് ഊന്നല്‍ നല്‍കിയാകും ഇന്ത്യ ഇത്തവണ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കുക. ‘കാലാവസ്ഥാ നിക്ഷേപമെന്നത് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇതിന്റെ സാധ്യതയിലും മറ്റും വ്യക്തത അനിവാര്യമാണ്. ലോണുകളുടെയോ ഗ്രാന്റുകളുടേയോ സബ്സിഡികളുടേയോ രൂപത്തിലാണോ, സ്വകാര്യ മേഖലയില്‍ നിന്നാണോ പൊതുമേഖലയില്‍ നിന്നാകണോ-തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത അനിവാര്യമാണ്. ഇക്കാര്യം ഉച്ചകോടിയില്‍ അവതരിപ്പിക്കുമെന്നാണ് വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ്
വ്യക്തമാക്കുന്നത്.

