കോട്ടയം: കേരള കോൺഗ്രസ് മാണി വിഭാഗം സംസ്ഥാനത്ത് പുനഃസംഘടിപ്പിക്കും. യു ഡിഎഫ് പുറത്താക്കിയ സാഹചര്യത്തിൽ വാർഡ് തലം വരെ പാർട്ടിയെ പുനസംഘടിപ്പിച്ചു പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുവാൻ പാർട്ടിയുടെ സ്റ്റീയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. തീരുമാനങ്ങൾ പാർട്ടി ചെയർമാൻ ജോസ് കെ മാണി വിശദീകരിച്ചു. പാർട്ടി എംഎൽഎമാരും സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. യു ഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഉള്ള സാഹചര്യങ്ങൾ വിലയിരുത്തി സ്റ്റിയറിങ് കമ്മിറ്റി കൈക്കൊണ്ട തീരുമാനങ്ങൾ ജോസ് കെ മാണി വിശദീകരിച്ചത് ഇങ്ങനെ: ‘യുഡിഎഫ് കെഎം മാണിയെ മറന്നു. കാരുണ്യ മുതൽ കർഷകത്തൊഴിലാളി പെൻഷൻ വരെ യുഡിഎഫിലും യുഡിഎഫ് സർക്കാരിനും ജനകീയ മുഖം നൽകിയ പദ്ധതികൾ ആവിഷ്കരിച്ച് സംഭാവന ചെയ്ത നേതാവായിരുന്നു കെ എം മാണി. അദ്ദേഹത്തിൻറെ പാർട്ടിയെ മുറിച്ചുമാറ്റിയതിലൂടെ അദ്ദേഹത്തെ വിസ്മരിക്കുകയാണ് യുഡിഎഫ് ചെയ്തത്. അങ്ങനെ മുറിച്ചു നീക്കിയത് ഒരു ലോക്കൽ ബോഡി പദവിക്കു വേണ്ടി മാത്രമാണ്. 38 വർഷമായി മുന്നണിയിൽ കെഎം മാണിയുടെ പാർട്ടിയുണ്ട്. മുന്നണി രൂപീകരിച്ച ഫൗണ്ടർ പാർട്ടിയാണിത്. യുഡിഎഫിനെ താഴെതട്ടിലുള്ളവരെ ഇത് വേദനിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തിൽ നിന്ന് ഇത്തരമൊരു തീരുമാനം അവരും പ്രതീക്ഷിക്കുന്നില്ല. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല. പിജെ ജോസഫ് മുൻപ് പറഞ്ഞു കൊണ്ടിരിക്കുന്ന നുണകൾ വീണ്ടും ആവർത്തിക്കുകയാണ്. പി ജെ ജോസഫിന് മാണി സാർ രാഷ്ട്രീയ അഭയം നൽകുകയാണ് ചെയ്തത്. അദ്ദേഹത്തിൻറെ മരണത്തിനുശേഷം ആ പ്രസ്ഥാനത്തെ പിടിച്ചെടുക്കാൻ ശ്രമിച്ചു. കെ എം മാണി രൂപം നൽകിയ പ്രസ്ഥാനത്തെ സംരക്ഷിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇപ്പോൾ മുന്നണിയിൽ നിന്ന് പുറത്താക്കി എന്ന് യുഡിഎഫ് പറയുന്നു. മുന്നണിയിൽ നിന്ന് മുറിച്ചുമാറ്റി എന്നാണ് ഞങ്ങൾ പറയുന്നത്. ആ സ്ഥിതിയിൽ വാർഡ് തലം വരെ പാർട്ടി കമ്മിറ്റികൾ വിളിച്ചുകൂട്ടി സംഘടിപ്പിക്കും. വരാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി എല്ലാത്തിലും സജ്ജമാകും. ഉചിതമായ തീരുമാനം ഉചിത സമയത്ത് എടുക്കുമെന്ന് കെ എം മാണി പറഞ്ഞ വാക്കുകൾ ഈ സന്ദർഭത്തിലും ആവർത്തിക്കുന്നു. പാർട്ടിയുടെ ജനപ്രതിനിധികൾ അടക്കം ഒരു തട്ടിലുമുള്ളവർ രാഷ്ട്രീയമായി വഴിയാധാരം ആവുകയില്ല.
“മാണി സാറിനെ മറന്നു, യുഡിഎഫ് എഫിൽ നിന്ന് മുറിച്ചുമാറ്റി”. വാർഡ് തലം വരെ കമ്മറ്റികൾ പുനഃസംഘടിപ്പിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുവാൻ കേരള കോൺഗ്രസ് ജോസ് വിഭാഗം
