ഗാന്ധിനഗർ: നവീകരണം നടത്തി തുറന്നുകൊടുത്ത് വെറും അഞ്ച് ദിവസം കൊണ്ട് വലിയ ദുരന്തത്തിനിടയാക്കിയ ഗുജറാത്തിലെ മോർബിയയിലെ തൂക്കുപാലത്തെക്കുറിച്ച് നിർമ്മാണ കമ്പനി നടത്തിയ അവകാശവാദങ്ങൾ ആരെയും ഒന്നമ്പരപ്പിക്കും. പരിഷ്കരിച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പാലം പുനർനിർമ്മാണം നടത്തിയതെന്നാണ് ഇതിന് നേതൃത്വം നൽകിയ സ്വകാര്യ കമ്പനിയായ ഒറേവ ഗ്രൂപ്പ് അവകാശപ്പെട്ടത്. ഉദ്ഘാടനത്തിന് ദിവസങ്ങൾ മുൻപ് ഒക്ടോബർ 24ന് നടത്തിയ പത്രസമ്മേളനത്തിലാണ് കമ്പനി അവകാശവാദങ്ങൾ നിരത്തിയത്.
എട്ട് മുതൽ പത്ത് വർഷങ്ങൾ വരെ ആളുകൾക്ക് നദിയുടെ കുറുകെയുളള ഈ പാലത്തിൽ സാഹസികത ആസ്വദിക്കാമെന്നാണ് കമ്പനി മാനേജിംഗ് ഡയറക്ടർ അറിയിച്ചത്. ഏഴ് മാസത്തോളം നവീകരണത്തിനായി അടച്ചിട്ട ശേഷം 2022 ഒക്ടോബർ 24നാണ് പാലം തുറന്നുകൊടുത്തത്. ജനങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറിയാൽ പാലം 15 വർഷം വരെ നിലനിൽക്കുമെന്നും അന്ന് കമ്പനി പറഞ്ഞിരുന്നു. പാലത്തിന്റെ 100 ശതമാനവും നവീകരണം നടത്തിയതായും രണ്ട് കോടിയോളം ചിലവായതായുമാണ് കണക്ക്.
150 വർഷത്തോളം പഴക്കമുണ്ടായിരുന്നതാണ് പാലം. ഇതിന്റെ നവീകരണം നടത്തിയ ശേഷം ചെറിയൊരു ഫീസ് വാങ്ങി ആളുകളെ പ്രവേശിപ്പിക്കും എന്ന് കമ്പനി അറിയിച്ചിരുന്നു. 17 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കിയ ഫീസ്. നവീകരണത്തിന് പറഞ്ഞതിലും മുൻപ് തന്നെ പണി പൂർത്തിയാക്കി ഒറേവ ഗ്രൂപ്പ് പാലം തുറന്നുകൊടുത്തു. മോർബി മുനിസിപ്പൽ കോർപറേഷനിൽ നിന്നും പാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്ര് കമ്പനി എടുത്തിരുന്നില്ല. നേരത്തെ പാലം തുറന്നതോടെ എല്ലാ സുരക്ഷാ മാനദണ്ഡവും ലംഘിക്കപ്പെട്ടു. ഏകദേശം അഞ്ഞൂറിലധികം ആളുകളാണ് തകർന്നുവീണ പാലത്തിലുണ്ടായിരുന്നത്

