സത്യേന്ദര്‍ ജെയിനിന് തിഹാറില്‍ മസാജും വീട്ടിലെ ഭക്ഷണവുമെന്ന് ഇ.ഡി.

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ എ.എ.പി. നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍, ജയിലില്‍ സുഖവാസത്തിലാണെന്നും അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതു സംബന്ധിച്ച് തിഹാര്‍ ജയിലില്‍നിന്നുള്ള സിസി ടിവി ദൃശ്യങ്ങളും ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ മറ്റുപ്രതികളെ ജെയിന്‍ നിരന്തരം കാണാറുണ്ടെന്നും ഇ.ഡി. ആരോപിച്ചു.മസാജ് ഉള്‍പ്പെടെ എല്ലാവിധ സുഖസൗകര്യങ്ങളും ജെയിന് ജയിലില്‍ ലഭിക്കുന്നുണ്ടെന്ന് സത്യാവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജയില്‍ സൂപ്രണ്ട് എല്ലാ ദിവസവും ജെയിനെ കാണാറുണ്ടെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സിസി ടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി ഇ.ഡി. ആരോപിക്കുന്നു. കോടതി ഉത്തരവിനെ മറികടന്ന് വീട്ടില്‍ പാചകംചെയ്ത ഭക്ഷണം ജെയിന് എല്ലാദിവസവും എത്തിക്കുന്നുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ജെയിനെ കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യ പൂനം മിക്കപ്പോഴും സെല്ലില്‍ എത്താറുണ്ട്. മാത്രമല്ല, കേസിലെ മറ്റുപ്രതികളായ അങ്കുശ്, െവെഭവ് എന്നിവരുമായി ജെയിന്‍ കൂടിക്കാഴ്ച നടത്താറുണ്ടെന്നും ഇ.ഡി. ആരോപിക്കുന്നു. അതേസമയം, പുറത്തുനിന്നുള്ളവര്‍ സെല്ലിലെത്തി ജെയിനെ കണ്ടിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. രാവിലെ തടവുകാരുടെ എണ്ണമെടുക്കല്‍ നടക്കുമ്പോള്‍ വാര്‍ഡിലെ എല്ലാ തടവുകാര്‍ക്കും പരസ്പരം സംസാരിക്കാം. കേസിലെ മറ്റു പ്രതികളും ജെയിന്റെ അതേ വാര്‍ഡിലാണുള്ളത്. അതിനാലാണ് അവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിഞ്ഞത്. ജെയിന്‍ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചിട്ടില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →