കൊച്ചി: കോയമ്പത്തൂര്‍ സ്ഫോടനപദ്ധതി പോപ്പുലര്‍ ഫ്രണ്ട് നിരോധനംകൊണ്ടു കാര്യമില്ലെന്ന സന്ദേശം നല്‍കാനെന്ന് സൂചന. ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ദുരന്തത്തിനു സമാനമായ വന്‍ ആക്രമണമാണു ലക്ഷ്യമിട്ടതെന്നും എന്‍.ഐ.എ. വിലയിരുത്തല്‍. ഗൂഢാലോചന നടന്നതു കേരളത്തിലാണോയെന്നും പരിശോധിക്കുന്നു. 23/10/2022 ഞായറാഴ്ച പുലര്‍ച്ചെയാണ് കോയമ്പത്തൂരില്‍ ഉക്കടത്ത് ക്ഷേത്രത്തിനു സമീപം കാറില്‍ സ്ഫോടനമുണ്ടായത്.ഈസ്റ്റര്‍ ദിന സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ സഹ്റാന്‍ ഹാഷിമുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ 2019 ല്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത അസറുദ്ദീന്‍ എന്നയാളുടെ അനുയായിയാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അസറുദ്ദീനെ കാണാന്‍ മുബിന്‍ ജയിലില്‍ എത്തിയിരുന്നതായി അന്വേഷണസംഘം സംശയിക്കുന്നു. 2020 ഒക്ടോബര്‍ അഞ്ചിന് മുബിന്‍ ജയിലില്‍ എത്തിയെന്നാണ് കരുതുന്നത്. ജയിലില്‍ നല്‍കിയതു മലപ്പുറത്തെ വിലാസമാണ്. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനായി അന്വേഷണ സംഘം കേരളത്തിലെത്തി. തൃശൂര്‍ ജയിലില്‍നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പക തീര്‍ക്കാനാണു ദീപാവലിയോടു ചേര്‍ന്ന് സ്ഫോടനം ആസൂത്രണം ചെയ്തതെന്നും ദീപാവലിയെ കറുത്ത ദിനമാക്കുകയായിരുന്നു ലക്ഷ്യമെന്നാണു എന്‍.ഐ.എയുടെ നിഗമനം. 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ശ്രീലങ്കയിലെ നാഷണല്‍ തവാഹീദ് ജമാത്ത് എന്ന സംഘടനയുമായി ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. തവാഹീദ് ജമാത്ത് അനുയായികള്‍ക്കു ഐ.എസുമായി ബന്ധമുണ്ടെന്നും. അന്നുമുതലാണു പോപ്പുലര്‍ ഫ്രണ്ടിനെ അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടത്. അസറുദ്ദീനടക്കം മൂന്നു പേരാണു ശ്രീലങ്കന്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു വിയ്യൂരിലെ അതിസുരക്ഷ ജയിലില്‍ കഴിയുന്നത്.കോയമ്പത്തൂര്‍ സ്ഫോടനക്കേസ് അന്വേഷണ ചുമതല തമിഴ്നാട് പോലീസിനാണെങ്കിലും എന്‍.ഐ.എ. അനൗദ്യോഗികമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

