കൊച്ചി: പ്രമുഖ സി.പി.എം. നേതാക്കളായ രണ്ട് മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കും എതിരായ സ്വപ്നയുടെ ആരോപണത്തില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.ഗുരുതരമായ ആരോപണമാണിത്.
മുഖ്യമന്ത്രിക്കെതിരേയും ആരോപണമുണ്ട്. സ്പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് വിദേശ കമ്പനികളുമായി വിലപേശി കമ്മീഷന് കൈപ്പറ്റുന്നതിന് വേണ്ടിയാണെന്നാണ് മുഖ്യമന്ത്രിക്കെതിരേയുള്ള ആരോപണം. സ്വപ്ന ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ മൊഴിയായി നല്കിയിട്ടു പോലും അന്വേഷണത്തിന് ഇ.ഡി. തയാറായിട്ടില്ല. ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ് ഇതിനു കാരണം. ഇപ്പോള്‍ ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ എഫ്.ഐ.ആര്. ഇട്ട് അന്വേഷിക്കുന്നതാണ് കേരളത്തിന്റെ ചരിത്രം. ആരോപണവിധേയരായ സി.പി.എം. നേതാക്കള്‍ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ. അവര്‍ കുറ്റവാളികളാണെന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷെ ആരോപണം വന്നാല്‍ അന്വേഷിക്കണം. അതിന് സര്‍ക്കാരും പൊലീസും തയാറാകണമെന്നും സതീശന് പറഞ്ഞു.
സി.പി.എമ്മിലെ മൂന്ന് പ്രമുഖര്‍ക്കെതിരേയാണ് സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങള്മൂടിവയ്ക്കുകയാണ്. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്കെതിരേ ഒരു സ്ത്രീ പരാതി നല്കിയപ്പോള് തങ്ങള്‍ ആ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോയിട്ടില്ല. സ്ത്രീയുടെ പരാതിയില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് പറഞ്ഞത്.

