ആഫ്രിക്കന്‍കുട്ടികളുടെ മരണം: ഇന്ത്യ അന്വേഷണമാരംഭിച്ചു

ന്യൂഡല്‍ഹി: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് ലോകാരോഗ്യസംഘടന (ഡബ്ലു.എച്ച്.ഒ) ചൂണ്ടിക്കാട്ടിയ നാല് മരുന്നുകളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു. ചുമയ്ക്കുള്ള ഈ മരുന്നുകള്‍ ഹരിയാനയിലെ സോനെപത്തിലുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് കമ്പനി നിര്‍മിച്ചതാണ്. കഴിഞ്ഞ 29-നാണ് ഇതുസംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.ജി.സി.ഐ)ക്കു ഡബ്ലു.എച്ച്.ഒ. മുന്നറിയിപ്പ് നല്‍കിയതെന്നു കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗെനെസേഷന്‍ ഉടന്‍ ഹരിയാനയുമായി ബന്ധപ്പെട്ട് അന്വേഷണമാരംഭിച്ചു.

മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഈ മരുന്നുകള്‍ ഗാംബിയയിലേക്കു മാത്രമേ കയറ്റുമതി ചെയ്തിട്ടുള്ളൂെവന്നാണു പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. കമ്പനി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡല്‍ഹി പീതാംപുരയിലെ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് അടഞ്ഞുകിടക്കുകയാണ്.

അതേസമയം, ഗാംബിയയ്ക്കു പുറത്തും ഈ ചുമ മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ടാകാമെന്നാണു ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്. ഗാംബിയയില്‍ 66 കുട്ടികള്‍ വൃക്ക തകരാറിനേത്തുടര്‍ന്നു മരിക്കാനിടയായത് ഇന്ത്യയില്‍നിന്നുള്ള പ്രൊമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കൊഫെക്സ്മാലിന്‍ ബേബി കഫ് സിറപ്, മാകോഫ് ബേബി കഫ് സിറപ്, മാഗ്രിപ് എന്‍ കോള്‍ഡ് സിറപ് എന്നീ മരുന്നുകളുടെ ഉപയോഗത്തേത്തുടര്‍ന്നാകാമെന്നാണു കഴിഞ്ഞദിവസം ഡബ്ല്യു.എച്ച്.ഒ. മേധാവി ടെഡ്രസ് അഥാനം ഗബ്രിയേസസ് വെളിപ്പെടുത്തിയത്.

എന്നാല്‍, മരുന്ന് കമ്പനിയുടെ ലേബലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ കൃത്യമായ വിശദാംശങ്ങള്‍ ഡബ്ല്യു.എച്ച്.ഒ. ഇതുവരെ കൈമാറിയിട്ടില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.അതിനിടെ, ഡബ്ല്യു.എച്ച്.ഒ. ചുവപ്പുകൊടി കാണിച്ച കഫ്സിറപ്പുകള്‍ ഇന്ത്യയില്‍ വില്‍പന നടത്തിയിട്ടില്ലെന്ന് മരുന്ന് നിര്‍മാതാക്കളുടെ സംഘടനയായ ഓള്‍ ഇന്ത്യ ഓര്‍ഗെനെസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്. പ്രസ്തുത മരുന്നുകള്‍ കയറ്റുമതി ചെയ്യുകമാത്രമാണ് ചെയ്യുന്നത്. ഉത്പാദനമോ വിതരണമോ സംബന്ധിച്ച് എന്തെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ചാല്‍ അത് പിന്തുടരാന്‍ ബാധ്യസ്ഥരാണെന്നും സംഘടന വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →