ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതി കവര്‍ച്ചാ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍

ലോസാഞ്ചല്‍സ്: ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ജീസസ് മാനുവല്‍ സാല്‍ഗാഡോ (48) നേരത്തെ കവര്‍ച്ചാക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍. 17 വര്‍ഷം മുമ്പ് 2005 ല്‍ നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ട് എട്ടു വര്‍ഷമാണ് ഇയാള്‍ തടവുശിക്ഷ അനുഭവിച്ചത്. മെര്‍സെഡ് പട്ടണത്തില്‍ ട്രക്കിങ് ബിസിനസ് നടത്തിയിരുന്ന കുടുംബമാണ് അന്നു കവര്‍ച്ചയ്ക്ക് ഇരയായത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. തന്റെയും ഭാര്യയുടെയും മകളുടെയും കൈകള്‍ കെട്ടിയശേഷം പണവും ആഭരണങ്ങളുമെല്ലാം എടുത്തുകൊണ്ടു പോയതായി അന്നു കവര്‍ച്ചചെയ്യപ്പെട്ടയാള്‍ മാധ്യമങ്ങളോടു പറഞ്ഞു.

പോലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് സാല്‍ഗാഡോ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, കുടുംബം വിവരം പോലീസില്‍ അറിയിച്ചു. പിറ്റേന്നു രാവിലെതന്നെ സാല്‍ഗാഡോയെ അറസ്റ്റ് ചെയ്തു. 11 വര്‍ഷം ശിക്ഷിക്കപ്പെട്ട സാല്‍ഗാഡോ എട്ടു വര്‍ഷം ശിക്ഷ അനുഭവിച്ചിരുന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന ഉറപ്പില്‍ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം