തിരുവനന്തപുരം: ഉപഭോക്താവിന് നൽകുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള പ്രതിജ്ഞ ചൊല്ലാൻ കെഎസ്ആർടിസി ജീവനക്കാർ. ഗാന്ധി ജയന്തിയോട് അനുബന്ധിച്ചാണ് എല്ലാ ഓഫീസർമാരും ജീവനക്കാരും പ്രതിജ്ഞ ചൊല്ലുക. ഒരാഴ്ച നീളുന്ന ആഘോഷങ്ങളാണ് കെഎസ്ആർടിസി നടത്തുന്നത്. 2022 ഒക്ടോബർ 2ന് രാവിലെ 11ന് കെഎസ്ആർടിസിയുടെ ചീഫ് ഓഫീസ് ഉൾപ്പടെയുളള എല്ലാ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലും എല്ലാ ഓഫീസർമാരും ജീവനക്കാരും ഒത്തുചേരുകയും ഗാന്ധിയന്മാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ സമ്മേളനങ്ങൾ ചേരുകയും ചെയ്യും. കൂടാതെ ഉപഭോക്താവിനെ സംബന്ധിച്ചുളള മഹാത്മാഗാന്ധിയുടെ വചനങ്ങൾ പ്രതിജ്ഞയായി ഏറ്റുചൊല്ലുകയും ചെയ്യും.
പ്രതിജ്ഞ ഇങ്ങനെ : “നമ്മുടെ പരിസരത്തെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശകനാണ് ഉപഭോക്താവ്. അദ്ദേഹം നമ്മെ ആശ്രയിക്കുന്നില്ല. നാം അദ്ദേഹത്തെ ആശ്രയിക്കുന്നു. അദ്ദേഹം നമ്മുടെ ജോലിയിൽ ഒരു തടസ്സമാകുന്നില്ല. അദ്ദേഹമാണ് നമ്മുടെ പ്രവർത്തനങ്ങളുടെ ഉദ്ദേശം. അദ്ദേഹം നമ്മുടെ വ്യവസായത്തിന് പുറത്തുള്ള ആളല്ല. അദ്ദേഹം നമ്മുടെ വ്യവസായത്തിന്റെ ഭാഗമാണ്. അദ്ദേഹത്തെ സേവിക്കുന്നതിലൂടെ നമ്മൾ ഒരു ഉപകാരവും ചെയ്യുന്നില്ല. അതിനുള്ള അവസരം നൽകിക്കൊണ്ട് അദ്ദേഹം നമുക്ക് ഒരു ഉപകാരം ചെയ്യുന്നു”
ഒക്ടോബർ രണ്ട് മുതൽ എട്ടുവരെ കെഎസ്ആർടിസി ഗാന്ധിജയന്തി വാരമായി ആചരിക്കും. ഏറ്റവും മികച്ച രീതിയിൽ ഗാന്ധിജയന്തി വാരാചാരണവും ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനും നടത്തുന്ന യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന ആദ്യത്തെ മൂന്ന് യൂണിറ്റുകൾക്ക് യഥാക്രമം 25000, 20000, 15000 എന്ന രീതിയിൽ സമ്മാനവും നൽകും.
സർക്കാരിൻറെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടനുബന്ധിച്ച് എല്ലാ യൂണിറ്റുകളിലും ലഹരി വിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ടു പോകുകയാണ് കെഎസ്ആർടിസി അറിയിച്ചത്. ഇതിനിടെ യാത്രക്കാരോട് മോശമായി പെരുമാറുന്ന കെഎസ്ആർടിസി കണ്ടക്ടറുടെ വീഡിയോ പുറത്ത് വന്നതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഗാന്ധി ജയന്തി ആഘോഷിക്കുന്നത് സംബന്ധിച്ചുള്ള കെഎസ്ആർടിസി ഒഫീഷ്യൽ പേജിൽ വന്ന പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻറുകളുമായി എത്തുന്നത്.

