കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച വിശദാംശങ്ങൾ കെ-റെയിൽ കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി. അലൈൻമെന്റ് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങളാണ് കൈമാറാത്തത്. വിശദീകരണം തേടി പലതവണ കെ റെയിലിന് കത്തുകളയച്ചുവെങ്കിലും മറുപടിയില്ല എന്നും റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
സിൽവർ ലൈനിന്റെ ഡിപിആർ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് നിരവധി കത്തുകൾ ഇതിനോടകം കെ റെയിൽ കോർപറേഷന് റെയിൽവേ നൽകിക്കഴിഞ്ഞു. പക്ഷെ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് മറുപടിയിൽ വ്യക്തമായി പറയുന്നത് അലൈൻമെന്റ്, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, എത്ര സ്വകാര്യഭൂമി പദ്ധതിയ്ക്ക് ആവശ്യമായി വരും, എത്ര റെയിൽവേ ഭൂമി ഏറ്റെടുക്കേണ്ടി വരും എന്നീ വിവരങ്ങൾ തേടിയാണ് കെ റെയിൽ കോർപറേഷന് പലതവണ കത്തയച്ചത്
സിൽവർ ലൈനിൽ നിന്ന് സർക്കാരും കെ-റെയിൽ കോർപറേഷനും പിന്നോട്ടുപോകുന്നു എന്നതിന്റെ സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. അത് ബലപ്പെടുത്തുന്ന വിവരങ്ങളാണ് റെയിൽവേ ഇപ്പോൾ ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്. സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിന് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇതുവരെ അനുമതി നൽകിയിരുന്നില്ല. പദ്ധതിയിൽ ചില സംശയങ്ങളുണ്ട് എന്ന നിലപാടായിരുന്നു കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്. അതിൽ മാറ്റമുണ്ടോ എന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞിരുന്നു. ആ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച മറുപടി ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

