ബഫർ സോൺ : സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുനഃപരിശോധനാ ഹർജി നൽകി

ദില്ലി : സംരക്ഷിത വനമേഖല്ക്കുചുറ്റും ഒരുകിലോമീറ്റർ ബഫർസോണായി നിർണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രം പുനഃപരിശോധനാ ഹർജി നൽകി. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് സുപ്രീം കോടതിയിൽ പുന പരിശോധനാ ഹർജി നൽകിയത്. പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ അന്തിമ വിജ്ഞാപനം ആറ് മാസത്തിനകമാണെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

അതേ സമയം, ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം നേരത്തെ പുന:പരിശോധന ഹർജി സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയാണ് പുന:പരിശോധന ഹർജി നൽകിയത്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. വിധി നടപ്പാക്കുന്നത് സംസ്ഥാനത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കേരളം ഹർജിയിൽ പറയുന്നത്.

സംസ്ഥാനത്തിൻറെ സ്റ്റാൻഡിംഗ് കൗൺസിൽ മുഖേനയാണ് ഹർജി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ബഫർ സോൺ ഉത്തരവ് നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരു കിലോമീറ്റർ ചുറ്റളവിൽ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് ബഫർസോൺ നടപ്പാക്കുന്നതും ഇവരെ പിന്നീട് പുനരധിവസിപ്പിക്കുക എന്നതും സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നാണ് ഹർജിയിൽ പറയുന്നത്. വിധി നടപ്പാക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമായി മാറുമെന്നും കേരളത്തിന്റെ ഹർജിയിലുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →