കൊച്ചി: സ്ഥലംമാറ്റ ഉത്തരവിനെതിരേ മുൻ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്.
ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് എസ്. കൃഷ്ണകുമാറിനെ സ്ഥലംമാറ്റിയത്. കോഴിക്കോട് ജില്ലാ ജഡ്ജിയായിരുന്ന അദ്ദേഹത്തിന് ലേബർ കോടതിയിലാണ് പുതിയ ചുമതല നൽകിയത്. ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഈ ഉത്തരവിനെതിരേ കൃഷ്ണകുമാർ ഹർജി നൽകുകയായിരുന്നു. എന്നാൽ ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.
ജില്ലാ ജഡ്ജിക്ക് സമാനമായ പദവിയാണ് ലേബർ കോടതിയിലേതെന്നും അതിനാൽ സ്ഥലംമാറ്റ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നുമായിരുന്നു ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. ഒരു മുതിർന്ന ന്യായാധിപൻ എന്നനിലയിൽ കൃഷ്ണകുമാർ ഈ ഉത്തരവ് പാലിക്കുമെന്നാണ് വിചാരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

