ഇമ്രാന്‍ ഖാനെതിരേ പാകിസ്താന്‍ ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്തു

ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ പാകിസ്താന്‍ പോലീസ് ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്തു. തന്റെ അടുത്ത അനുയായിയെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചതിനെതിരേ പോലീസിനും ജുഡീഷ്യറിക്കുമെതിരേ ഇമ്രാന്‍ ഖാന്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി.അറസ്റ്റ് ചെയ്താല്‍ തലസ്ഥാനമായ ഇസ്ലാമാബാദ് ”പിടിച്ചെടുക്കു”മെന്ന മുന്നറിയിപ്പുമായി നൂറുകണക്കിന് അനുയായികള്‍ ഇമ്രാന്‍ ഖാന്റെ വസതിക്കു മുന്നില്‍ തടിച്ചുകൂടി. ഇമ്രാനു പിന്തുണയുമായി സഖ്യകക്ഷികളും രംഗത്തെത്തി.

ഇമ്രാന്‍ ഖാന് 25/08/22 വ്യാഴാഴ്ച വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഇസ്ലാമാബാദ്‌ ഹൈക്കോടതി ഭീകരവിരുദ്ധ കോടതിയെ സമീപിക്കാന്‍ അദ്ദേഹത്തിനു നിര്‍ദേശം നല്‍കി.കഴിഞ്ഞ ഏപ്രിലില്‍ അവിശ്വാസപ്രമേയത്തിലൂടെ അധികാരത്തില്‍നിന്നു പുറത്തായശേഷം പുതിയ പാക് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും കടുത്ത വിമര്‍ശകനാണ് ഇമ്രാന്‍ ഖാന്‍. ഉദ്യോഗസ്ഥര്‍ക്കെതിരേ ഭീഷണിമുഴക്കിയതു വഴി ഇമ്രാന്‍ ഭീകരവിരുദ്ധ നിയമം ലംഘിച്ചതായി അധികൃതര്‍ പറയുന്നു.പാക് സര്‍ക്കാരും ഇമ്രാന്‍ ഖാനും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നിലനില്‍ക്കുന്നതിനിടെയാണ് കേസെടുത്തിരിക്കുന്നത്. പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇമ്രാന്‍ രാജ്യമെങ്ങും പ്രചാരണം നടത്തിവരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →