മൊഗാദിഷു: മൊഗാദിഷുവിലെ ഹോട്ടലില്‍ അല്‍ ഷബാബ് ഭീകരര്‍ ബന്ദിയാക്കിയ 106 പേരെ 30 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സൊമാലിയന്‍ സേന രക്ഷപ്പെടുത്തി. ഏറ്റുമുട്ടലില്‍ 21 പേര് കൊല്ലപ്പെട്ടു. 117 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ 15 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയിലാണു സ്ഫോടക വസ്തുക്കളുമായി ഹയാത് ഹോട്ടലിലേക്ക് ഭീകരര്‍ ഇരച്ചുകയറിയത്. ഹോട്ടല്‍ ഗേറ്റിനു സമീപം രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയാണു ഭീകരര്‍ സുരക്ഷാ കവചം മറികടന്നത്. കെട്ടിടത്തിനുള്ളില്‍ കയറിയ ഉടന്‍ തന്നെ താമസക്കാരെ ഭീഷണിപ്പെടുത്താന്‍ ഹോട്ടലിന്റെ പ്രധാനകേന്ദ്രങ്ങളില്‍ ബോംബിട്ടു.ബന്ദികളെ മോചിപ്പിക്കാനുള്ള െസെന്യം ഇറങ്ങിയതോടെ കനത്ത വെടിവയ്പ് തുടങ്ങി. പോലീസിന്റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണു ഹോട്ടലിലുണ്ടായിരുന്നവരെ പുറത്തെത്തിക്കാനായത്.
സൊമാലിയന്‍ സര്‍ക്കാരിന്റെ പ്രധാനചടങ്ങുകള്‍ നടക്കുന്നത് ഈ ഹോട്ടലിലാണ്. രാജ്യത്ത് സമാധാനം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ അധികാരമേറ്റ പ്രസിഡന്റ് ഹസന് ഷെയ്ഖ് മൊഹമ്മൂദിനുള്ള മുന്നറിയിപ്പാണ് ആക്രമണമെന്ന് അല്‍ ഷബാബ് നേതൃത്വം അറിയിച്ചു.

