മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായി: മാപ്പപേക്ഷയുമായി മിസോറാം മുഖ്യമന്ത്രി

ഐസ്വാള്‍: മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായതോടെ മാപ്പപേക്ഷയുമായി മിസോറാം മുഖ്യമന്ത്രി സോറംതംഗ. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ത്വക്രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ മര്‍ദിച്ചത്.

അപ്പോയ്ന്റ്മെന്റ് എടുക്കാതെയാണു മിലാരി ആശുപത്രിയിലെത്തിയത്. ഇതിന്റെ പേരില്‍ അവരെ കാണാന്‍ ഡോക്ടര്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ സമീപത്തേക്ക് മിലാരി വേഗത്തില്‍ നടന്നെത്തി മുഖത്തടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ മിലാരിയെ പിടിച്ചു മാറ്റുകയായിരുന്നു.വീഡിയോ പ്രചരിച്ചത് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി. തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മിസോറാം യൂണിറ്റ് സമരം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണു മുഖ്യമന്ത്രി മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

ഡോക്ടറുടെ നേര്‍ക്കുള്ള മകളുടെ മര്യാദരഹിതമായ പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായും മകളുടെ പെരുമാറ്റം ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും വ്യക്തമാക്കിയ കുറിപ്പ് അദ്ദേഹം ട്വീറ്ററില്‍ പങ്കുവച്ചു.

Share
അഭിപ്രായം എഴുതാം