തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജോലി കിട്ടാൻ 2013 മുതൽ മലയാള പരിജ്ഞാനം നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിന് ഒടുവിൽ നിയമപരമായ അംഗീകാരം. സർവീസിൽ പ്രവേശിക്കുന്നവരിൽ സ്കുളിലോ ബിരുദതലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർ പ്രബേഷൻ കാലയളവിൽ പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ വിജയിക്കണമെന്ന സർക്കാർ ഉത്തരവ് അനുസരിച്ച് സർവീസ് ചട്ടം ഭേദഗതി ചെയ്തു.
ഈ നിബന്ധന 2013 മുതൽ തന്നെ പിഎസ്‌സി നടപ്പാക്കുന്നുണ്ട്. ഇതനുസരിച്ച് ബിരുദതലം വരെ മലയാളം പഠിക്കാത്തവർക്കായി പ്രബേഷൻ കാലാവധിയായ 2 വർഷത്തിനുള്ളിലാണ് പിഎസ്‌സി മലയാളം പരീക്ഷ നടത്തുന്നത്. ഇതിൽ 40% മാർക്ക് നേടിയവർക്കാണു പ്രബേഷൻ കാലാവധി പൂർത്തിയായതായി അംഗീകരിച്ച് സ്ഥിര നിയമനം നൽകുന്നത്. ഈ നടപടിക്കാണ് ചട്ട ഭേദഗതിയിലൂടെ നിയമപരമായ അംഗീകാരം ഇപ്പോൾ ആയിരിക്കുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കി.
പിഎസ്‌സിയുടെ തന്നെ ശുപാർശ അനുസരിച്ചാണ് 2013ൽ സർക്കാർ ഇത് അംഗീകരിച്ചത്.സർക്കാർ ഉത്തരവ് ഇറങ്ങിയതിനെത്തുടർന്ന് ആ വർഷം മുതൽ പിഎസ്‌സി ഇതു നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഡിഗ്രി വരെ മലയാളം പഠിച്ചിട്ടില്ലെങ്കിലും സർക്കാർ സ്ഥാപനമായ മലയാളം മിഷൻ നടത്തുന്ന സീനിയർ ഹയർ ഡിപ്ലോമ കോഴ്സ് ജയിച്ചിട്ടുണ്ടെങ്കിൽ പിഎസ്‌സിയുടെ മലയാളം പരീക്ഷ എഴുതേണ്ടതില്ല. ക്ലാസ് 4 ജീവനക്കാരെയും ഈ പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

