കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന മാതൃകാ സ്ഥാപനമാകാൻ ആളൂർ പഞ്ചായത്തിൽ അങ്കണവാടി ഒരുങ്ങുന്നു. മൂന്ന് തലമുറകൾക്ക് ഒരുപോലെ സേവനം നൽകുന്ന 3ജി അങ്കണവാടിയാണ് ഒരുക്കുന്നത്. ആളൂർ പഞ്ചായത്തിലെ 20-ാം വാർഡിലെ 124-ാം നമ്പർ അങ്കണവാടിയാണ് 3ജി മോഡലാകുന്നത്. അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആഗസ്റ്റ് 19) രാവിലെ 11.30ന് ഉന്നത വിദ്വാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും.
ഒരു വയസിൽ താഴെയുള്ള കുട്ടികളുടെ ഡേ കെയർ സെന്ററും അങ്കണവാടിയായും 65 വയസിന് മുകളിലുള്ളവർക്കുളള പകൽവീടായും സ്ത്രീകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കുളള ആശ്വാസകേന്ദ്രമായും അങ്കണവാടി മാറും. കൗമാരക്കാർ മുതൽ പ്രായമായവർ വരെയുള്ള സ്ത്രീകൾ അഭിമുഖീകരിക്കുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക കൂടിയാണ് 3ജി അങ്കണവാടിയിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ പത്തര സെന്റോളം വരുന്ന പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തിയാണ് കളിസ്ഥലം ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ ഇവിടെ അങ്കണവാടി നിർമ്മിക്കുന്നത്. മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാഷിന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ 25 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി വകയിരുത്തുന്നത്.
ലൈബ്രറി, സ്പോർട്സ് ഉപകരണങ്ങൾ, ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ, ടെലിവിഷൻ എന്നീ സൗകര്യങ്ങളും കെട്ടിടത്തിൽ ഉണ്ടാകും.
90.39 ചതുരശ്ര വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ വരാന്ത, ക്ലാസ് മുറി, സ്റ്റോർ റൂം, അടുക്കള, രണ്ട് ടോയ്‌ലറ്റുകൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ വയോജനങ്ങൾക്കായി വിശ്രമമുറിയും ബോധവത്ക്കരണ ക്ലാസുകളും മറ്റും നടത്തുന്നതിനായി മീറ്റിംഗ് ഹാൾ എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്.
അങ്കണവാടിയിൽ കുട്ടികൾക്കും പ്രായമായവർക്കും പരസ്‌പരം ഇടപഴകാനാകും. പ്രായമായവരിൽ നിന്ന് കുട്ടികൾക്ക് ഒരുപാട് പഠിക്കാനാകും. ഇത് അവരുടെ മാനസികാവസ്ഥ കൂടുതൽ മെച്ചപ്പെടുത്തുമെന്നും പ്രസിഡന്റ് കെ ആർ ജോജോ പറഞ്ഞു.
അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന പ്രായമായവർക്ക് അവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ മറികടക്കാൻ ഇത് സഹായമാകുമെന്നും യുവജനങ്ങൾക്കായി ബോധവത്കരണ ക്ലാസുകളും മത്സര പരീക്ഷകൾക്കുള്ള പരിശീലനവും നടത്താനും ഉദ്ദേശിക്കുന്നുണ്ടെന്നും വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ രതി സുരേഷ് പറഞ്ഞു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളാകും.

