തിരുവനന്തപുരം: സർവ്വകലാശാലകളിലെ ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ ശുപാർശ. ഗവർണർ- സർക്കാർ പോര് രൂക്ഷമാകുന്നതിനിടെയാണ് കമ്മീഷന്റെ ശുപാർശ . മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സർവ്വകലാശാലകൾക്കും വെവ്വേറെ ചാൻസലറെ നിയമിക്കണമെന്നുമാണ് ശുപാർശ.
ഓർഡിനൻസ് വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമം നടക്കുന്നതിനിടെയാണ് ഗവർണ്ണറുടെ അധികാരം കുറയ്ക്കണമെന്ന് മറ്റൊരു ശുപാർശ. സർവ്വകലാശാലകളുടെ അധികാരങ്ങൾ ഗവർണറിൽ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണമെന്നാണ് അംബേദ്കർ സർവ്വകലാശാല മുൻ വൈസ് ചാൻസർ ശ്യാം ബി മേനോൻ അധ്യക്ഷനായ പരിഷ്കരണ കമ്മീഷൻ ശുപാർശ.
സർവ്വകലാശാലകളുടെ ഭരണപരവും നിയമപരവുമായ അധികാരം നൽകുന്ന വിസിറ്ററായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തണം. ഗവർണർ എല്ലാ സർവ്വകലാശാലകളുടേയും ചാൻസലറാകുന്ന നിലവിലെ രീതിയ്ക്ക് പകരം ഓരോ സർവ്വകലാശാലകൾക്കും പ്രത്യേക ചാൻസലർ വേണം. വൈസ് ചാൻസറുടെ കാലാവധി അഞ്ചുവർഷം വരെയാകും. 70 വയസുവരെ രണ്ടാം ടേമിനും പരിഗണിക്കാം. സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന മൂന്നുപേരിൽ നിന്ന് വൈസ് ചാൻസലറേയും തെരഞ്ഞെടുക്കാം എന്നാണ് ശുപാർശ.
നേരത്തെ എൻ കെ ജയകുമാർ അധ്യക്ഷനായ നിയമ പരിഷ്ക്കരണ കമ്മീഷനും വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കുറക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സെർച്ച് കമ്മിറ്റിയിൽ ഗവർണ്ണറുടെ പ്രതിനിധിയെ സർക്കാർ വെക്കാമെന്ന ഭേദഗതിയോടെ ഓർഡിനൻസ് ഇറക്കാൻ നടപടി തുടങ്ങിയത്. സ്വകാര്യ സർവ്വകലാശാലകൾക്കായി ബില്ല് കൊണ്ടുവരണം. മലബാറിൽ കൂടുതൽ കോളേജുകൾ വേണം.. കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം 60 ആക്കണം.. സർവ്വകലാശാലാ നിയമനങ്ങൾ പിഎസ്‍സി, ഹയർ എജ്യുക്കേഷൻ സർവ്വീസ് കമ്മീഷൻ എന്നിവ വഴി മാത്രമാക്കണം. പൊതുഅക്കാദമിക് കലണ്ടർ എന്നിവയാണ് മറ്റ് ശുപാർശകൾ

