വീട് കയറി ആക്രമണം : ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഉൾപ്പടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ : ഡിവൈഎഫ്ഐ പ്രവർത്തകർ സിപിഐ പ്രവർത്തകന്റെ വീട് കയറി അക്രമിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് പരാതിപ്പെടാൻ സിപിഐ പ്രവർത്തകൻ പൊലീസ് സ്റ്റേഷനിൽ പോയപ്പോഴാണ് വീട് കയറി ആക്രമിച്ചത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഉൾപ്പടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ജെ. ജയകൃഷ്ണൻ (24), മോഹിത് (25) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി സനാതനപുരം വാർഡിൽ കുടുവൻ തറയിൽ ഡി. അജയന്റെ വീടിനു മുന്നിലെത്തി ഭീഷണിപ്പെടുത്തിയ സംഘം സമീപം താമസിക്കുന്ന മാതൃസഹോദരീ പുത്രി ലജി സജീവിന്റെ (53) വീടാണ് ആക്രമിച്ചത്.അജയന്റെയും ലജിയുടെയും വീടുകൾ സമീപത്താണ്. ലജിയുടെ വീട്ടിലെ ടിവിയും ജനലുകളും വീടിനു മുന്നിലുണ്ടായിരുന്ന കാറിന്റെയും മിനിലോറിയുടെയും ചില്ലുകളും തകർത്തു.

ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുള്ള ലജിക്ക് ദേഹോപദ്രവമേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 2022 ഓ​ഗസ്റ്റ് 5ന് പുലർച്ചെഒന്നിനാണ് സംഭവം. ആക്രമണത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പ്രതികളെ പൊലീസ് അവിടെനിന്നാണു പിടികൂടിയത്.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. അതേസമയം സിപിഎമ്മുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും’ എന്നു പറഞ്ഞായിരുന്നു ആക്രമണമെന്ന് അജയൻ പറഞ്ഞു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റിലായ മോഹിത്താണ് ആദ്യം ആക്രമണത്തിനിരയായതെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ. രാഹുൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →