ആസാദി സാറ്റ്: വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ച ഉപഗ്രഹം വിക്ഷേപണത്തിന്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷവേളയില്‍ രാജ്യത്തിന്റെ യശസുയര്‍ത്തി വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ച ഉപഗ്രഹം വിക്ഷേപണത്തിന്. ആസാദി സാറ്റ് എന്നു പേരിട്ട ഉപഗ്രഹം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) ഞായറാഴ്ച ഭ്രമണപഥത്തിലെത്തിക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ സവിശേഷ സന്ദര്‍ഭത്തില്‍ എസ്.എസ്.എല്‍.വി-ഡി1/ഇ.ഒ.എസ്.-02 ദൗത്യത്തിനും അന്നേദിവസം സമാരംഭം കുറിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് എസ്.എസ്.എല്‍.വിയിലൂടെയാണ് ആസാദിസാറ്റിന്റെ വിക്ഷേപണം. രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള 75 സ്‌കൂളുകളിലെ 750 വിദ്യാര്‍ഥിനികളാണ് ആസാദിസാറ്റിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. എട്ടു കിലോഗ്രാം ഭാരമാണ് ഉപഗ്രഹത്തിനുള്ളത്. സെല്‍ഫി ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഉപഗ്രഹത്തിന്റെ ഭാഗമാണ്.

സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷിക ആഘോഷം അടയാളപ്പെടുത്തുന്നതിനൊപ്പം ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് ഇത്തരമൊരു പദ്ധതി ഐ.എസ്.ആര്‍.ഒ. ആവിഷ്‌കരിച്ചത്. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, ഗണിതം തുടങ്ങിയ ശാഖകളിലെ വനിതാപ്രാതിനിധ്യം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച നടക്കുക സ്മോള്‍ സാറ്റൈലറ്റ് ലോഞ്ച് വെഹിക്കിളി(എസ്.എസ്.എല്‍.വി)ന്റെ ആദ്യ വിക്ഷേപണമാണ്. 34 മീറ്റര്‍ നീളമുള്ള റോക്കറ്റിനു ഭാരം 120 ടണ്ണാണ്. ഖര ഇന്ധനമാണ്(99.2 ടണ്‍) റോക്കറ്റിലിലെ പ്രധാന ആകര്‍ഷണം. 0.05 ടണ്‍ ദ്രവികൃത ഇന്ധനവും ഉപയോഗിക്കുന്നുണ്ട്. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുയാണു പുതുതലമുറ റോക്കറ്റുകളുടെ ദൗത്യം. ചെറിയ ഉപഗ്രഹങ്ങളുടെ വിപണിയെ ആകര്‍ഷിക്കുന്നതിനായാണ് എസ്.എസ്.എല്‍.വി. തയാറാക്കിയത്. ഈ റോക്കറ്റില്‍ വിദേശ ഉപഭോക്താക്കളുടേയും ഇന്ത്യന്‍ ഉപഭോക്താക്കളുടെയും ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്തും.

ഇതോടെ ഐ.എസ്.ആര്‍.ഒയുടെ പ്രധാന റോക്കറ്റായ പോളാര്‍ സാറ്റൈലറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എല്‍.വി.) വലിയ വിക്ഷേപണ ദൗത്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചാല്‍ മതിയാവും. 500 കിലോഗ്രാം ഭാരമുള്ള വസ്തുക്കള്‍ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തിലെത്തിക്കാനാകുംവിധമാണ് എസ്.എസ്.എല്‍.വിയുടെ രൂപകല്‍പന. ഒന്നിലധികം നാനോ ഉപഗ്രഹങ്ങള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും എസ്.എസ്.എല്‍.വിയില്‍ ഉണ്ട്.ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ എസ്.എസ്.എല്‍.വിക്ക് 12 മിനിറ്റ് മതിയാകും. ഭാവിയില്‍ എസ്.എസ്.എല്‍.വി. സാങ്കേതികവിദ്യ സ്വകാര്യമേഖലയ്ക്കു കൈമാറാനും പദ്ധതിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →