മുൻ മന്ത്രി സജി ചെറിയാന്റെ പേഴ്സണൽ സ്റ്റാഫുകൾക്ക് മറ്റു മന്ത്രിമാരുടെ സ്റ്റാഫ് ആയി പുനർ നിയമനം

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതിന് രാജിവെക്കേണ്ടി വന്ന മുൻ മന്ത്രി സജി ചെറിയാന്റെ പേഴ്സണൽ സ്റ്റാഫുകൾക്ക് മറ്റു മന്ത്രിമാരുടെ സ്റ്റാഫ് ആയി പുനർ നിയമനം. പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റേയും കായിക മന്ത്രി അബ്ദു റഹിമാന്റെയും പേഴ്സണൽ സ്റ്റാഫിലേക്കാണ് ഇവരെ മാറ്റി നിയമിച്ചത്. സജി ചെറിയാന്റെ സ്റ്റാഫിൽ ഉണ്ടായിരുന്ന അഞ്ചു പേരെ വീതമാണ് മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും, അബ്ദു റഹിമാന്റെയും സ്റ്റാഫിലേക്ക് നിയമിച്ചത്. ഇതോടെ ഈ രണ്ടു മന്ത്രിമാരുടെയും സ്റ്റാഫുകളുടെ എണ്ണം 25 ൽ നിന്ന് 30 ആയി ഉയർന്നു. സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കലിനെ അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. നിലവിൽ മന്ത്രിമാരുടെ സ്റ്റാഫുകളുടെ എണ്ണം 25 ആണ്.

സജി ചെറിയാൻ രാജിവച്ചതിന് പിന്നാലെ 2022 ജൂലൈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. ജൂലൈ 21 മുതലാണ് ഇവരെ മുഹമ്മദ് റിയാസിന്റെയും, അബ്ദുറഹിമാന്റെയും സ്റ്റാഫിലേക്ക് മാറ്റിയത്. സ്റ്റാഫുകൾക്ക് പെൻഷൻ ഉറപ്പാക്കാനാണ് ഈ മാറ്റം എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടർന്ന് 2022 ജൂലൈ ആറാം തീയതിയാണ് സാംസ്കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവെച്ചത്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ആ പദവിയിൽ വരുന്ന ചെറിയൊരു ഇടവേള പോലും പെൻഷൻ ആനുകൂല്യങ്ങൾക്ക് തിരിച്ചടിയാകും. ഇതുകൊണ്ടാണ് ആദ്യം പേഴ്സണൽ സ്റ്റാഫിന്റെ കാലാവധി നീട്ടുകയും പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫിൽ നിയമിക്കുകയും ചെയ്തത് എന്നാണ് ആരോപണം. ഒരു വർഷത്തെ തുടർച്ചയായ സർവീസാണ് പെൻഷന് പരിഗണിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →