റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് പരമ്പര: രണ്ടാം അങ്കത്തിന് ഇന്ത്യ

July 24, 2022 - 8:48 am

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു നടക്കും.ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മുതലാണു മത്സരം. ഒന്നാം ഏകദിനത്തില്‍ മൂന്ന് റണ്ണിന് ജയിച്ച മുന്‍തൂക്കത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്നു ജയിച്ചാല്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യക്കു നേടാം. കാലാവസ്ഥ അനുകൂലമായതിനാല്‍ ഇന്നും സമാന പോരാട്ടം കാണാം. ഒന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിനു 308 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് ആറ് വിക്കറ്റിന് 305 റണ്ണാണു നേടാനായത്. അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ 15 റണ്‍ വേണമെന്നിരിക്കെ മുഹമ്മദ് സിറാജ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തു. കെയ്ല്‍ മായേഴ്സും (68 പന്തില്‍ ഒരു സിക്സറും 10 ഫോറുമടക്കം 75) ബ്രണ്ടന്‍ കിങ്ങും (66 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 54) അര്‍ധ സെഞ്ചുറികളുമായി തിളങ്ങി.

അകീല്‍ ഹൊസൈന്‍ (32 പന്തില്‍ പുറത്താകാതെ 32), റൊമാരിയോ ഷെപ്പേഡ് (25 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 39) എന്നിവര്‍ പൊരുതിയെങ്കിലും ഭാഗ്യം ഇന്ത്യക്കൊപ്പമായി. മുഹമ്മദ് സിറാജും ശാര്‍ദുല്‍ ഠാക്കൂറും യുസ്വേന്ദ്ര ചാഹാലും രണ്ട് വിക്കറ്റ് വീതമെടുത്തു. നായകനും ഓപ്പണുമായ ശിഖര്‍ ധവാന്റെ ബാറ്റിങ്ങാണ് (99 പന്തില്‍ മൂന്ന് സിക്സറും 10 ഫോറുമടക്കം 97) ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. സഹ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനൊപ്പം (53 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 64) ഓപ്പണിങ് വിക്കറ്റില്‍ 119 റണ്ണെടുക്കാന്‍ ധവാനായി. പിന്നാലെ വന്ന ശ്രേയസ് അയ്യരും (57 പന്തില്‍ രണ്ട് സിക്സറും അഞ്ച് ഫോറുമടക്കം 54) ധവാനു മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ 94 റണ്‍ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. ധവാന്‍ മടങ്ങുമ്പോള്‍ ഇന്ത്യ 33.4 ഓവറില്‍ രണ്ടിന് 213 എന്ന മികച്ച നിലയിലായിരുന്നു ഇന്ത്യ. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് (14 പന്തില്‍ 13), സഞ്ജു സാംസണ്‍ (18 പന്തില്‍ 12) എന്നിവര്‍ നിറംമങ്ങിയതു തിരിച്ചടിയായി. ദീപക് ഹൂഡ (27), അക്ഷര്‍ പട്ടേല്‍ 21) എന്നിവരാണു സ്‌കോര്‍ 300 കടത്തിയത്. മറുപടി ബാറ്റിങ് തുടങ്ങിയ ആതിഥേയര്‍ക്ക് ഷായ് ഹോപ്പിനെ (ഏഴ്) തുടക്കത്തിലേ നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. ധവാനാണു മത്സരത്തിലെ താരം.

സാധ്യതാ ടീം: ഇന്ത്യ – ശിഖര്‍ ധവാന്‍ (നായകന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹാല്‍, പ്രസിദ്ധ കൃഷ്ണ.

സാധ്യതാ ടീം: വിന്‍ഡീസ് – ഷായ് ഹോപ്പ്, കെയ്ല്‍ മായേഴ്സ്, ഷാംറ ബ്രൂക്സ്, ബ്രണ്ടന്‍ കിങ്, നികോളാസ് പൂരാന്‍ (നായകന്‍), റോവ്മന്‍ പവല്‍, അകീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേഡ്, അല്‍സാരി ജോസഫ്, ജായ്ഡന്‍ സീല്‍സ്, ഗുദാകേഷ് മോതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *