ന്യൂഡൽഹി: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ. വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സംഘത്തിലെ എട്ടു പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതുന്നത് മുതൽ സീറ്റ് ഉറപ്പിക്കുന്നത് വരെയുള്ള ഇടപാടുകളാണ് സംഘം വാഗ്ദാനം ചെയ്യുന്നത്.
ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് തട്ടിപ്പ് നടന്നത്. വിദ്യാർഥികൾക്കു പകരം ആൾമാറാട്ടം നടത്തി വിദഗ്ധരാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതുന്ന ആൾക്ക് 5 ലക്ഷം രൂപയാണ് നൽകേണ്ടത്. ഒരു സീറ്റിന് ആകെ 20 ലക്ഷം രൂപയാണ് സംഘം ഈടാക്കുന്നത്. ബാക്കി പണം സീറ്റ് ഉറപ്പിക്കുന്നതിന് ഇടനിലക്കാർക്കും മറ്റുമാണ്. ആൾമാറാട്ടം നടത്തി എഴുതിയ ആറ് ഉത്തരക്കടലാസുകളും പിടിച്ചെടുത്തു.
സുശീൽ രാജൻ എന്നയാളാണ് സംഘത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുന്നതിന് ആളുകളെ നിയമിച്ചതും പണമിടപാട് നടത്തിയതും ഇയാളാണ്. 11 പേരാണ് സംഘത്തിലുള്ളതെന്നും കണ്ടെത്തി. വിദ്യാർഥികളുമായും അന്വേഷണ സംഘം സംസാരിക്കും. പരിശീലന കേന്ദ്രങ്ങളുടെ ഇടപെടലുകളും നിരീക്ഷിച്ചുവരികയാണ്.
തട്ടിപ്പ് തടയാൻ പരീക്ഷാ കേന്ദ്രങ്ങളിൽ വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇതെല്ലാം മറികടന്നാണ് വിദ്യാർഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതിയത്. ഫോട്ടോ മോർഫ് ചെയ്യുന്നതും പരീക്ഷാ കേന്ദ്രം മാറ്റുന്നതുമുൾപ്പെടെ നിരവധി അനധികൃത ഇടപാടുകൾ നടത്തിയതായും കണ്ടെത്തി. 2022 ജൂലൈ 17 നായിരുന്നു നീറ്റ് പരീക്ഷ നടത്തിയത്

