സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് കൊണ്ടുപോയാണ് തന്നെ മർദ്ദിച്ചതെന്ന് പോലീസിന്റെ സദാചാര ആക്രമണത്തിനിരയായ പ്രത്യുഷ്

കണ്ണൂർ : പൊലീസിനോട് തിരികെ ചോദ്യങ്ങൾ ചോദിച്ചതാണ് പോലീസിന്റെ മ‍ർദ്ദനത്തിന് കാരണമെന്ന് തലശ്ശേരിയിൽ പൊലീസിന്റെ സദാചാര ആക്രമണത്തിനിരയായ പ്രത്യുഷ്. രാത്രിയിൽ ഇറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത് പൊലീസ് അസഭ്യവർഷം നടത്തി. പ്രതികരിച്ച തന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സി സി ടി വി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയാണ് മ‍ർദ്ദിച്ചത്. പൊലീസിനെ താൻ മർദ്ദിച്ചു എന്ന ആരോപണം കള്ളമാണെന്നും തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രത്യുഷ് വിശദീകരിച്ചു.

അതേ സമയം, തലശ്ശേരി പൊലീസ് നടത്തിയ സദാചാര അതിക്രമത്തിൻറെ ഇരയായ പ്രത്യൂഷിന്റെ ഭാര്യ മേഘ പൊലീസിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തി. ഭർത്താവിനെ കാണാൻ സബ് ജയിലിൽ ചെന്നപ്പോൾ പൊലീസുകാർ വീണ്ടും പരിഹസിച്ചുവെന്നാണ് ആരോപണം. ഒരു ഇന്റർവ്യൂ കൂടി കൊടുത്തിട്ട് കാണാൻ വരൂ എന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം. പൊലീസിന്റെ പെരുമാറ്റം അപമാനിക്കുന്ന രീതിയിലായിരുന്നുവെന്നും പ്രത്യുഷ് ഏഴ് പൊലീസുകാരെ മർദ്ദിച്ചുവെന്ന പൊലീസ് വാദം കളവാണെന്നും മേഘ മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് തലശ്ശേരിയിൽ കടൽപ്പാലം കാണാൻ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടൽപ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്തുവെന്നാണ് ഭാര്യ മേഘ പറയുന്നത്. പൊലീസിനെ ആക്രമിച്ചു , കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് തലശ്ശേരി പൊലീസ് പ്രത്യുഷിനെതിരെ കേസെടുത്തിരുന്നത്. ഈ കേസിൽ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

സംഭവത്തിൽ കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണം നടത്തുന്ന തലശ്ശേരി എസിപി ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് സൂചന. സിഐക്കും എസ്ഐക്കുമെതിരെ ഉയർന്ന പരാതിയിൽ എസിപിക്ക് പുറമേ, സ്പെഷ്യൽബ്രാ‍ഞ്ച് ഡിവൈഎസ്‍പിയും അന്വേഷണം നടത്തുന്നുണ്ട്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സർട്ടിഫിക്കറ്റും ഉൾപ്പെടെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് കമ്മീഷണർ ആർ.ഇളങ്കോ നിർദേശിച്ചിട്ടുള്ളത്.

തലശ്ശേരിയിൽ ദമ്പതികൾക്ക് നേരെ പൊലീസ് അതിക്രമം നടത്തിയ സംഭവത്തിൽ നിർണായക മെഡിക്കൽ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് കേസിൽ പ്രതിയാക്കി ജയിലിൽ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളായിരുന്നു ഇത്. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോർട്ട്.

പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന വൂണ്ട് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →