റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈപ്പിന്‍ മണ്ഡലത്തിലെ 25,000 വനിതകള്‍ കൃഷിയിലേക്ക്; കുടുംബശ്രീ ‘പൊലി’ പദ്ധതിക്ക് ഉജ്ജ്വല തുടക്കം

July 12, 2022 - 10:21 pm

വൈപ്പിന്‍ മണ്ഡലത്തില്‍ കുടുംബശ്രീ അഗ്രി ന്യൂട്രീ പദ്ധതി – ‘പൊലി’ക്ക് വന്‍ ജനപങ്കാളിത്തത്തോടെ തുടക്കം. പദ്ധതിയ്ക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള
ശില്‍പശാല കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് വിഷരഹിത ജൈവ പച്ചക്കറികളുടെ ഉത്പാദനവും കാര്‍ഷികവൃത്തിക്ക് വിപുലമായ പ്രോത്സാഹനവും ലക്ഷ്യമിടുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ നിന്നുമായി 25,000 വനിതകള്‍ മത്സരാധിഷ്ഠിത കാര്‍ഷികവൃത്തിയിലേക്ക് ഇറങ്ങുമെന്നും ഇതിനായി നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സര്‍ക്കാറിന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍  കുടുംബശ്രീയിലൂടെ കൂടുതല്‍ വ്യാപകമാകുകയാണ്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ എട്ടു കുടുംബശ്രീ സി.ഡി.എസുകളിലെ 135 എ.ഡി.എസുകളില്‍ ഉള്‍പ്പെടുന്ന 2363 അയല്‍ക്കൂട്ടങ്ങള്‍  കൃഷിയിടങ്ങളില്‍ സജീവമാകും. അയല്‍ക്കൂട്ടങ്ങളിലൂടെ കുറഞ്ഞത് 10 സെന്റ് ഭൂമി വീതം കണ്ടെത്തി കൃഷി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

മണ്ഡലത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പദ്ധതിക്ക് തടസമാകാതിരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ ഗ്രോബാഗില്‍ കൃഷി ചെയ്യുന്നതിന് സംവിധാനമൊരുക്കും. ഇതിന് ഓരോരുത്തര്‍ക്കും മുപ്പതെണ്ണമെന്ന നിലയ്ക്ക് ഏഴര ലക്ഷം ഗ്രോബാഗുകള്‍ ലഭ്യമാക്കുമെന്നും കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഏറ്റവും നല്ലരീതിയില്‍ കൃഷി ചെയ്യുന്ന സി.ഡി.എസിനും എ.ഡി.എസിനും വ്യക്തികള്‍ക്കും,കുടുംബശ്രീ ജില്ലാ മിഷന്‍ പാരിതോഷികം ഉള്‍പ്പെടെ സമ്മാനിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

അയ്യമ്പിള്ളി സഹകരണ നിലയം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.ബി പ്രീതി പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി സൂസമ്മ ക്ലാസിന് നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ ജയന്‍, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷൈബി ഗോപാലകൃഷ്ണന്‍, എം.ബി രാധാകൃഷ്ണന്‍, സി.ഡി.എസ് എടവനക്കാട് ചെയര്‍പേഴ്സണ്‍ ഗിരിജ, ഒ.കെ കൃഷ്ണകുമാര്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *