കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് നിരപരാധിയാണെന്ന് മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വൻ വിവാദം. കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ശ്രീലേഖ ദിലീപിന് ക്ലീൻ ചിറ്റ് നൽകി പോലീസിനെ പൂർണമായും തള്ളുന്നത്. ദിലീപിനെതിരെ പോലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന് ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. നടിയുടെയും ,ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളുടെയും പ്രതികരണങ്ങളും ഉടൻ ഉണ്ടാകും.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതു ന്നില്ലെന്നാണ് മുൻ ഡിജിപി പ്രതികരിച്ചിരിക്കുന്നത്. ദിലീപിന്റെ പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. അയാൾ ചെയ്തിരുന്ന പലകാര്യങ്ങളിലും അന്ന് വളരെ ശക്തമായ എതിർപ്പ് പലർക്കും ഉണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്റെ പേര് കേസിൽ പറയുമെന്ന് തനിക്ക് തോന്നിയിരുന്നു എന്ന് ശ്രീലേഖ വെളിപ്പെടുത്തുന്നു. ” സസ്നേഹം ശ്രീലേഖ” എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം.
ദിലീപിനെതിരെ പോലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യതയെ ശ്രീലേഖ ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസയോഗ്യമല്ല എന്നുമാണ് ശ്രീലേഖയുടെ പരാമർശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനേയും ശ്രീലേഖ തള്ളുന്നുണ്ട്.
ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചു എന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹതടവുകാരൻ വിപിൻ ആണ് കത്ത് എഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്ത് എഴുതിയത്. പോലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ പറഞ്ഞു.
പൾസർ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ട് എന്നും ശ്രീലേഖ ആരോപിച്ചു. എന്തുകൊണ്ട് ഇത് പോലീസിൽ പറഞ്ഞില്ലെന്നും, പരാതിപ്പെട്ടില്ല എന്നും ഒന്നു രണ്ടു പേരോട് ആ സമയത്ത് തന്നെ താൻ ചോദിച്ചിട്ടുണ്ട്. കരിയർ ഓർത്തും,കേസിന് പുറകെ പോകണമെന്നും ഓർത്ത് പണം കൊടുത്ത് ഒത്തുതീർപ്പാക്കി എന്നാണ് അവർ പറഞ്ഞതെന്ന് ശ്രീലേഖ പറയുന്നു.

