പനമരം: വാഹന പരിശോധനയ്ക്കിടെ പനമരം എസ്.ഐയെ കൈയേറ്റം ചെയ്തെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് രഞ്ജിത്ത് (47) ആണ് പിടിയിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരൻ ശ്രീജിത്ത് (42) നേരത്തെ അറസ്റ്റിലായിരുന്നു. 2022 ജൂൺ 27 തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
നീർവാരം പുഞ്ചവയൽ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ രഞ്ജിത്തും സഹോദരൻ ശ്രീജിത്തും ബൈക്കിലെത്തുകയും നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഓടിച്ചു പോകുകയുമായിരുന്നുവെന്നുമാണ് പൊലീസിന്റെ ആരോപണം.ഇരുവരെയും പിന്തുടർന്ന പൊലീസ് ഇവരുടെ വീടിന് മുമ്പിൽ വെച്ച് ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും ചേർന്ന് കൈയേറ്റം ചെയ്തെന്നാണ് കേസ്.
സംഭവത്തിൽ പനമരം എസ്.ഐ പി.സി. സജീവന് വലതു കൈയ്യിന്റെ പെരുവിരലിന് പരിക്കേറ്റിരുന്നു. സംഭവ ദിവസം തന്നെ പോലീസ് ശ്രീജിത്തിനെ പിടികൂടിയിരുന്നു. ഓടി രക്ഷപ്പെട്ട സഹോദരൻ രഞ്ജിത്തിനെ കഴിഞ്ഞ ദിവസമാണ് പനമരം പോലീസ് പിടികൂടിയത്. രണ്ടു പേരും ഇപ്പോൾ റിമാൻഡിലാണ്