തിരുവനന്തപുരം: അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മകളെ കുറിച്ച് ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായതിന് പിന്നാലെ ആരോപണങ്ങൾ സംബന്ധിച്ച തെളിവുകളുമായി മാത്യു കുഴൽ നാടൻ എംഎൽഎ. സ്വപ്ന സുരേഷിനെ സെക്രട്ടറിയേറ്റിൽ നിയമിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിയുടെ ഡയറക്ടർ ജെയ്ക് ബാലകുമാർ തനിക്ക് മെന്ററിനെ പോലെ ആണെന്ന് എക്സാ ലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ മകൾ വീണ കുറിച്ചിരുന്നതായാണ് മാത്യു കുഴൽനാടൻ അടിയന്തരപ്രമേയ ചർച്ചക്കിടെ ആരോപിച്ചത്. ഈ കുറിപ്പ് സൈറ്റിൽ നിന്ന് നീക്കംചെയ്തെന്ന് എംഎൽഎ തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വെബ്സൈറ്റിൽ ഇത് വ്യക്തമാക്കുന്ന ഭാഗം അദ്ദേഹം പ്രദർശിപ്പിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ വീണ വിജയൻ നടത്തുന്ന എക്സാ ലോജിക്ക് കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും, പിന്നീട് മാറ്റങ്ങൾ വരുത്തിയതിനുശേഷം ആണ് സൈറ്റ് ലഭ്യമായി തുടങ്ങിയെതെന്നും മാത്യു കുഴൽ നടൻ ആരോപിച്ചു.
എക്സാലോജിക്കിന്റെ പ്രധാനികളിൽ ഒരാളാണ് ജയ്ക്ക് ബാലകുമാർ എന്ന് കമ്പനി തന്നെ വെബ്സൈറ്റിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാൽ 2020 സൈറ്റ് ഡൗൺ ആവുകയും പിന്നീട് ജൂണിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തതിന് പിന്നാലെ ബാലകുമാറിനെ കുറിച്ചുള്ള വിവരങ്ങൾ അപ്രത്യക്ഷമായെന്നും കുഴൽ നാടൻ വ്യക്തമാക്കി. മകളെക്കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യതയെ കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല. പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. സ്വപ്ന സുരേഷിനെ നിയമിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിയാണെന്ന കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോ. ഞാൻ പറഞ്ഞ കാര്യങ്ങൾ അസംബന്ധം ആണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും മാത്യു കുഴൽനാടൻ പറഞ്ഞു.
അതേസമയം മാത്യു കുഴൽ നാടൻ ഉന്നയിച്ച ആരോപണങ്ങൾ വീണ വിജയൻറെ ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ് തള്ളി. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയതാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇത് പ്രചരിച്ചതാണ്. എന്നാൽ ഇത്തരം പ്രചാരണങ്ങൾ ആയിരുന്നു തിരഞ്ഞെടുപ്പിൽ വിജയത്തിന് കാരണമായതെന്നും റിയാസ് പറഞ്ഞു.



