പാരീസ്: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് ത്രീയില്‍ ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പാക്കി. മിക്സഡ് ടീം ഇനത്തില്‍ അഭിഷേക് വര്‍മ, ജ്യോതി സുരേഖ വെന്നം സഖ്യം ഫൈനലില്‍ കടന്നതോടെയാണു മെഡല്‍ ഉറപ്പാക്കിയത്.സെമി ഫൈനലില്‍ എസ്തോണിയയുടെ റോബിന്‍ ജാത്മ, ലിസല്‍ ജാത്മ സഖ്യത്തെയാണ് അവര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 156-151. ഇന്നു നടക്കുന്ന ഫൈനലില്‍ അഭിഷേക്- ജ്യോതി സഖ്യം ഫ്രാന്‍സിനെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ വാക്കോവര്‍ ലഭിച്ച ഇന്ത്യന്‍ സഖ്യം പ്യൂട്ടോറിക്ക, എല്‍ സാല്‍വദോര്‍ എന്നിവരെ തോല്‍പ്പിച്ചാണു മുന്നേറിയത്.വനിതകളുടെ റീകര്‍വ് ടീം ഇനത്തില്‍ ഫൈനലില്‍ കടന്നതോടെ ഇന്ത്യ ആദ്യ മെഡല്‍ ഉറപ്പാക്കിയിരുന്നു. ദീപികാ കുമാരി, അങ്കിതാ ഭാകത്, സിമ്രന്‍ജീത് കൗര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീം യുക്രൈന്‍, ബ്രിട്ടന്‍, തുര്‍ക്കി ടീമുകളെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. 26/06/22 ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കരുത്തരായ ദക്ഷിണ കൊറിയയെ നേരിടേണ്ടെന്ന ആശ്വാസവും ഇന്ത്യക്കുണ്ട്. രണ്ടാം സെമിയില്‍ ചൈനീസ് തായ്പേയ് കൊറിയയെ അട്ടിമറിച്ചിരുന്നു.
അമ്പെയ്ത്തില്‍ ഒരു മെഡല്‍ കൂടി
