തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ വച്ച് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെയാണ്. മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ലെന്നും, പോലീസും ഏജൻസികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ – തിരുവനന്തപുരം വിമാനത്തിൽ അക്രമികൾ പാഞ്ഞടുത്തത് മുഖ്യമന്ത്രി വിമാനത്തിൽ ഉള്ളപ്പോൾ തന്നെയാണ്. മുഖ്യമന്ത്രിയെ തൊടാൻ കഴിയാതിരുന്നത് ഇ പി ജയരാജനും, സുരക്ഷാ ജീവനക്കാരും തടഞ്ഞതിനാൽ ആണ്.
ഇതിനിടെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒളിവിൽപ്പോയ മൂന്നാമനായി അന്വേഷണം വ്യാപിപ്പിച്ചു. മൂന്നാം പ്രതിയും, കണ്ണൂർ മട്ടന്നൂർ സ്വദേശിയുമായ സുനിത് നാരായണൻ വിമാനത്താവളത്തിൽ നിന്ന് അതിവേഗം പുറത്തിറങ്ങി എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാളെ തിരിച്ചറിയാൻ പോലീസിന് ആദ്യം കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചത് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് എന്നാണ് പോലീസ് പറയുന്നത്. രണ്ടുപേർ പ്രത്യക്ഷ പ്രതിഷേധം നടത്തിയപ്പോൾ മൂന്നാമൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ഇതിനിടെ കേസിലെ പ്രത്യേക അന്വേഷണ സംഘം 17/06/22 വെള്ളിയാഴ്ച എറണാകുളത്ത് യോഗം ചേരും. കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരുന്ന രീതിയിൽ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദേശം. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നിങ്ങനെ വകുപ്പുകൾ ചുമത്തിയാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാറിനെയും, മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ഫർസീൻ മജീദിനെയും അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പി എ യും, ഗൺമാനും നൽകിയ പരാതിയിലാണ് വധശ്രമത്തിന് പോലീസ് കേസെടുത്തത്.
കേസിൽ അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. സംഭവത്തിന് ദൃക്സാക്ഷിയായ സഹയാത്രികരുടെ മൊഴിയെടുപ്പ് 16/06/22 വ്യാഴാഴ്ച പൂർത്തിയായിരുന്നു. ഇൻഡിഗോ വിമാന കമ്പനിയിൽനിന്ന് മുഴുവൻ യാത്രക്കാരുടെയും വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.

