കൊല്‍ക്കത്ത: എ.എഫ്.സി. (ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ) ഏഷ്യന്‍ കപ്പിനുള്ള മൂന്നാം ഘട്ട യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് ഇറങ്ങുന്നതിനു മുമ്പ് തന്നെ ഇന്ത്യ യോഗ്യത നേടി. ഇന്നലെ രാവിലെ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ പലസ്തീന് ഫീലിപ്പീന്‍സിനെ 4-0 നു തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്.ആറ് ഗ്രൂപ്പുകളിലായുള്ള യോഗ്യതാ റൗണ്ടില്‍ അതത് ഗ്രൂപ്പ് ചാമ്പ്യന്മാര്ക്ക് പിന്നാലെ മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാര്‍ക്കും ഏഷ്യന്‍ കപ്പ് ഫൈനല്‍സിനുള്ള യോഗ്യത ലഭിക്കും. ഡി ഗ്രൂപ്പില്‍ ഹോങ്കോങ്ങിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇരു ടീമുകള്‍ക്കും രണ്ട് ജയം വീതവും ആറ് പോയിന്റുമാണ്. ഗോള്‍ ശരാശരിയില്‍ ഹോങ്കോങാണ് മുന്നില്‍. പലസ്തീന് തോറ്റതോടെ അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരില്‍ ഒരു ടീമായി ഇന്ത്യ യോഗ്യത ഉറപ്പാക്കി. എ.എഫ്.സി. ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ടു തവണ ഫൈനല്‍സിനു യോഗ്യത നേടുന്നത്. 2019 ലും ഇന്ത്യ ഫൈനല്‍സില്‍ കളിച്ചു. ഇന്ത്യ ഇതുവരെ എ.എഫ്.സി. ഏഷ്യന്‍ കപ്പില്‍ അഞ്ചു തവണ കളിച്ചു. 1964, 1984, 2011 എന്നീ സീസണുകളിലും ഇന്ത്യ സാന്നിധ്യമായി.മംഗോളിയന്‍ തലസ്ഥാനമായ ഉലാന്‍ ബാതാറിലെ എം.എഫ്.എഫ്. സെന്ററില്‍ നടന്ന മത്സരത്തില്‍ പലസ്തീനു വേണ്ടി സലേ ചിഹാദെ, ടാമിര്‍ സെയാം, മുഹമ്മദ് യാമിന്, മഹ്മൂദ് അബു വാര്‍ദ എന്നിവര്‍ ഗോളടിച്ചു. മറ്റു മത്സരങ്ങളില്‍ സിംഗപ്പുര്‍ 6-2 നു മ്യാന്മറിനെയും മംഗോളിയ 2-0 ത്തിനു യെമനെയും മാലെ ദ്വീപ് 1-0 ത്തിനു ശ്രീലങ്കയെയും തോല്‍പ്പിച്ചു. അഫ്ഗാനിസ്ഥാനും കമ്പോഡിയയും തമ്മില്‍ നടന്ന മത്സരം 2-2 നു സമനിലയായി. ഇന്ത്യ ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കമ്പോഡിയയെ 2-0 നും രണ്ടാമത്തെ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 2-1 നും തോല്‍പ്പിച്ചു.
ഇന്ത്യ യോഗ്യത നേടി
