മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന് വിട. മുംബൈ വിലേപാര്‍ലെയിലുള്ള പവന് ഹന്‍സ് ക്രിമറ്റോറിയത്തില്‍ സഹതാരങ്ങളുടെ സാന്നിധ്യത്തില്‍ സുശാന്തിന്റ സംസ്കാരച്ചടങ്ങുകള്‍ ഇന്നലെ(15-06-20) നടന്നു. ഞായറാഴ്ചയാണ് സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിലെ പാര്‍ലെയിലെ ശ്മശാനത്തില്‍ വൈകുന്നേരം നാലുമണിയോടെയാണ് അന്തിമ ചടങ്ങുകള്‍ നടന്നത്. ബോളിവുഡ് താരനിര ശവസംസ്കാരച്ചടങ്ങിന്റെ ഭാഗമായി. ഉച്ചയോടെ പാട്നയില്നിന്ന് അച്ഛന് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മുംബൈയിലെത്തിയിരുന്നു.
Read more…പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ബോളിവുഡില്‍ സുശാന്തിന്റെ സഹപ്രവര്‍ത്തകരായ കൃതി സാനോന്‍,ശ്രദ്ധ കപൂര്‍, കീര്‍ത്തി സനോന്‍, മുകേഷ് ഛബ്ര, അഭിഷേക് കപൂര്‍, ഭാര്യ പ്രഗ്ന, രാജ്കുമാര് റാവു, രണ്‍വീര്‍ ഷോരെ, ദിനേശ് വിജന്, ജാക്കി ഭാഗ്നാനി, വിവേക് ഒബ്റോയി, റിയ ചക്രബര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. അഭിഷേക് കപൂര്‍ ആണ് സുശാന്ത് സിംഗിനെ സിനിമാലോകത്തേക്ക് ആദ്യം എത്തിച്ച സംവിധായകന്. അഭിഷേകിന്റെ കായ് പോ ചെ-യിലൂടെ സിനിമാലോകത്ത് കാലെടുത്ത് വച്ച് സുശാന്ത്, പിന്നീട് കേദാര്‍നാഥിലും അഭിനയിച്ചു.
താരത്തെ ഒരുനോക്ക് കാണാന്‍ ശ്മശാനത്തിന് പുറത്ത് വന്‍ ജനക്കൂട്ടം എത്തിയിരുന്നു. ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും മുന്‍പ് മൃതദേഹത്തില്‍ നിന്ന് കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സുശാന്ത് സിംഗിന്റേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികനിഗമനം. വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബാന്ദ്രയിലെ ഫ്ലാറ്റില്‍ നിന്ന് സുശാന്ത് ചികിത്സ തേടിയിരുന്ന ചില കൗണ്‍സിലിംഗ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച മരുന്നുകളും കുറിപ്പടികളും ഫോറന്‍സിക് സംഘം കണ്ടെടുത്തിരുന്നു.

