സി കെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം

ബത്തേരി: ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം. ബിജെപി വയനാട് ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയൽ കേസിൽ പ്രതിയാകും. ബത്തേരി മണിമല ഹോംസ്റ്റേയിൽ വെച്ച് സി കെ ജാനുവിന് പണം നൽകിയത് പ്രശാന്ത് മലവയൽ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നിലവിൽ ഒന്നാം പ്രതി കെ സുരേന്ദ്രനും രണ്ടാം പ്രതി സി.കെ ജാനുവുമാണ്.

തിരുവനന്തപുരത്തും ബത്തേരിയിൽ വെച്ചും സി കെ ജാനുവിന് പണം നൽകിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ജെആർപി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണങ്ങളുടെ ഫോറൻസിക്‌ പരിശോധന ഫലവും ഉടൻ ലഭിക്കും. എൻഡിഎയുടെ സ്ഥാനാർത്ഥിയാകാൻ ജെആർപി നേതാവായിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം.

അതിനിടെ മ‍ഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

ഇതിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് നൽകിയിരിക്കുന്നത്. പട്ടികജാതി/ പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പു കൂടി സുരേന്ദ്രനെതിരെ ചുമത്തിയാണ് റിപ്പോർട്ട്. ജാമ്യമില്ലാ വകുപ്പാണിത്. കെ. സുരേന്ദ്രൻ ഉൾപ്പടെ ആറ് പേരാണ് പ്രതികൾ.

ജനപ്രാതിനിധ്യ നിമയത്തിലെ 171 ബി, ഇ വകുപ്പുകൾക്ക് പുറമേ അന്യായമായി തടങ്കലിൽ വയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ നേരത്തെ ചുമത്തിയിരുന്നു. പുതിയ വകുപ്പു കൂടി ചുമത്തിയതോടെ കേസിൻറെ പ്രാധാന്യം കൂടും. കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പ്രധാന തെളിവായ സുരേന്ദ്രൻ ഉപയോഗിച്ച സ്മാർട്ട്ഫോൺ കണ്ടെടുത്ത് പരിശോധിക്കാൻ ഇതുവരേയും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മൊബൈൽ ഫോൺ ഹാജരാക്കണമെന്ന് രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും അത് നഷ്ടപ്പെട്ടുവെന്നാണ് സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →