കോട്ടയത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു

കോട്ടയം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ അച്ഛനെ കോടാലി കൊണ്ട് വെട്ടി. സംഭവത്തിൽ 60-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പൂവരണി പൂവത്തോട് ഭാഗത്ത് കണ്ണമ്പുഴയിൽ വീട്ടിൽ ടോമിയെയാണ് പാല പോലീസ് ഇൻസ്പെക്ടർ കെ പി ടോംസൺ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയും ഇളയ സഹോദരിയും മാത്രമുണ്ടായിരുന്ന സമയം വീട്ടിലെത്തിയ പ്രതി കതകിൽ മുട്ടി വിളിച്ചു. കുട്ടികൾ കതകടച്ചു മുറിക്കുള്ളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പ്രതി വീടിനു പിന്നിലെ അടുക്കള വാതിൽ തള്ളി തുറന്നു അകത്തു കയറി പെൺകുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവം കണ്ട ഇളയ കുട്ടിയുടെ നിലവിളികേട്ട് സമീപത്തെ പുരയിടത്തിൽ പണി ചെയ്തിരുന്ന അച്ഛനും ബന്ധുക്കളും ഓടി എത്തിയതോടെ പ്രതി വീട്ടിൽ നിന്ന് ഇറങ്ങിയോടി. അയാളുടെ പിന്നാലെ എത്തി മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്യാൻ ശ്രമിച്ച കുട്ടിയുടെ അച്ഛനെ പ്രതി കോടാലി കൊണ്ട് വെട്ടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇയാൾ രക്ഷപ്പെട്ടു.

വീട്ടുകാർ നൽകിയ പരാതിയിൽ കേസെടുത്ത് പാലാ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമം, വധശ്രമം, പട്ടികജാതി പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. പാലാ കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →