തായ്പേയ് സിറ്റി: എയര്‍ ഡിഫന്‍സ് സോണിലേക്ക് ചൈന അയച്ച 30 യുദ്ധവിമാനങ്ങളെ പ്രതിരോധിക്കാന്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ചതായി തായ്വാന്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വ്യോമ കടന്നാക്രമണമാണു തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. തായ്വാനിലേക്കുള്ള കടന്നാക്രമണത്തിനെതിരേ യു.എസ്. പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കുകയും യു.എസ്. ഉന്നതോദ്യോഗസ്ഥന് മേഖലയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്ത അന്നു തന്നെയാണു ചൈന കടന്നാക്രമണത്തിനു തുനിഞ്ഞതും. ഇതോടെ മേഖലയില്‍ കൂടുതല്‍ ആശങ്കയായി. തങ്ങളുടെ വേര്‍പെട്ട ഭാഗമെന്ന നിലയ്ക്കാണു തായ്വാനെ ചൈന കാണുന്നത്. അത്യാവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലോടെ. തായ്വാന്റെ എയര്‍ ഡിഫന്‍സ് സോണില്‍ ഉള്‍പ്പെട്ട പ്രതാസ് ദ്വീപിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് ഇക്കുറി ചൈനയുടെ യുദ്ധ വിമാനങ്ങള്‍ ഇരച്ചുകയറിയത്. എന്നാല്‍, തായ്വാന്റെ വ്യോമാതിര്‍ത്തി ഭേദിച്ചില്ല. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിക്കു തൊട്ടുപുറത്തുള്ള ഭാഗമാണ് എയര്‍ ഡിഫന്‍സ് സോണ്‍. ദേശസുരക്ഷ മുന്‍നിര്‍ത്തി ഇവിടേക്കു മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കു നിയന്ത്രണമുണ്ട്. ഒരു വര്‍ഷമായി ഇടയ്ക്കിടെ ചൈനീസ് വിമാനങ്ങള്‍ എയര്‍ ഡിഫന്‍സ് സോണിലേക്ക് കടക്കുന്നുണ്ടെന്ന് തായ്വാന് ആരോപിക്കുന്നു. തായ്വാന്റെ സൈനിക പ്രതികരണം വിലയിരുത്താന്‍ കൂടിയാകും ഇതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
തായ്വാനിലേക്ക് ചൈനയുടെ 30 യുദ്ധവിമാനം
