കൊച്ചി: വെണ്ണല മതവിദ്വേഷപ്രസംഗക്കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവ് പുറത്തുവിട്ടത്.
പാലാരിവട്ടം വെണ്ണല മഹാദേവ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പി.സി. ജോർജ്ജ് വിവാദ പരാമർശങ്ങൾ നടത്തിയത്. വെണ്ണലയിലെ വിവാദ പ്രസംഗത്തിന് ദിവസങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത് നടന്ന ഹിന്ദു സമ്മേളനത്തിലും പി.സി. ജോർജ്ജ് വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ കേസെടുത്തെങ്കിലും മുൻകൂർ ജാമ്യം ലഭിച്ചു.
സർക്കാർ തനിക്കെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നീങ്ങുകയാണെന്നുo കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം ആണെന്നുമായിരുന്നു പിസി ജോർജ്ജിന്റെ നിലപാട്. പ്രസംഗത്തിന്റെ ഓഡിയോയും ചിത്രങ്ങളും പോലീസിന് ലഭിച്ചിരുന്നു. വിദ്വേഷപ്രസംഗം ശ്രദ്ധയിൽപെട്ട ഉടൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പാലാരിവട്ടം പോലീസ് കേസെടുക്കുകയായിരുന്നു. സമുദായ സ്പർദ്ധയുണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.