ഉദയ്പുര്‍(രാജസ്ഥാന്‍): ജനങ്ങളുമായുള്ള പാര്‍ട്ടിയുടെ ബന്ധം മുറിഞ്ഞ കാര്യം അംഗീകരിക്കണമെന്നും അതു തിരിച്ചുപിടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും നവസങ്കല്‍പ് ചിന്തന്‍ ശിബിരത്തിന്റെ സമാപന പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു.
ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം. അതിനു കുറുക്കുവഴികളില്ല. വിയര്‍പ്പൊഴുക്കണം. നമ്മുടെ ചര്‍ച്ച മുഴുവന്‍ സംഘടനയുടെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ചാണ്. ജനങ്ങളുടെ പ്രശ്നങ്ങളിലേക്കു ശ്രദ്ധ തിരിക്കണം. ജനങ്ങളുടെ അരികിലേക്കു പോകണം.
പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയും അടിമുടിമാറണം. 21-ാം നൂറ്റാണ്ട് ആശയവിനിമയത്തിന്റേതാണ്. നമ്മുടെ എതിരാളികള്‍ നമ്മെ പിന്തള്ളുന്ന ഒരു മേഖല ഇവിടെയാണ്. നമ്മുടെ സംവിധാനം പൂര്‍ണമായി മാറ്റുകയും രാജ്യത്തെ ജനങ്ങളുമായി സംവദിക്കുകയും വേണം. ചെറുപ്പക്കാരുമായി പുതിയ രീതികളില്‍.രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു കുടുംബത്തില്‍നിന്ന് ഒരു പദവിമാത്രം എന്ന നിര്‍ദേശത്തെയും യുവാക്കള്‍ക്കു കൂടുതല്‍ അവസരം നല്‍കുന്നതിനെയും രാഹുല്‍ പിന്തുണച്ചു. ” മുതിര്‍ന്നവര്‍ വേണ്ട എന്നല്ല ഞാന്‍ പറയുന്നത്. പി.സി.സികളിലും ബ്ലോക്ക് കമ്മിറ്റികളിലും നേതൃത്വത്തിലും മുതിര്‍ന്നവരുടെയും യുവാക്കളുടെയും ആരോഗ്യകരമായ കൂടിച്ചേര്‍ച്ച ആവശ്യമാണ്.”-രാഹുല്‍ ഗാന്ധി പറഞ്ഞു.