ഉദയ്പൂര്‍ (രാജസ്ഥാന്‍): തീരുമാനങ്ങളെടുക്കാനും സ്ഥാനാര്‍ഥി നിര്‍ണയത്തിനുമുള്ള ഉന്നതതല സമിതിയെന്ന നിലയില്‍ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് തള്ളി. കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ രാഷ്ട്രീയകാര്യ സമിതികള്‍ രൂപീകരിക്കാനും ഒരാള്‍ക്ക് ഒരു പദവി മാത്രമെന്ന നിര്‍ദേശം നടപ്പാക്കാനും തീരുമാനിച്ച് ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ സമാപിച്ചു. പദവികളിലേക്കു പ്രായപരിധിയുണ്ടാകില്ല. തെരഞ്ഞെടുപ്പുകളില്‍ ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കു മാത്രം സ്ഥാനാര്‍ഥിത്വം അനുവദിച്ചാല്‍ മതിയെന്നും തീരുമാനമായി. അഞ്ചു വര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടി പ്രവര്‍ത്തനത്തിലുള്ളവര്‍ക്ക് ഇതു ബാധകമല്ലെന്നു വ്യക്തമാക്കിക്കൊണ്ട്, കുടുംബത്തിലൊരു സീറ്റ് എന്ന നിബന്ധനയില്‍ ഇളവു പ്രഖ്യാപിക്കുകയും ചെയ്തു.രാഹുല്‍ ഗാന്ധിയെ അധ്യക്ഷപദവിയിലേക്കു തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനുള്ള യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിന്റെ നീക്കത്തിനു പ്രവര്‍ത്തകസമിതി അനുമതി നല്‍കിയില്ല.അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പുനരുജ്ജീവനവും സംഘടനാ സംവിധാനത്തിന്റെ പരിഷ്‌കരണവും ലക്ഷ്യമിട്ട് ചിന്തന്‍ ശിബിര്‍ എന്ന പേരില്‍ വിശാലമായ ചര്‍ച്ചാസമ്മേളനം വിളിച്ചുചേര്‍ത്തത്. സംഘടനയെ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിവസം ”ഭാരത് ജോഡോ” പദയാത്ര സംഘടിപ്പിക്കും. പദയാത്ര ഓരോ ജില്ലയിലും 75 കി.മീ. കടന്നുപോകും. സംഘടനാതലത്തില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി ചെറു ദൗത്യസംഘങ്ങള്‍ രൂപീകരിക്കുമെന്നു പാര്‍ട്ടിയധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചു.
ബി.ജെ.പിക്കെതിരേ ദേശീയതലത്തില്‍ പോരാടാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് ആശയങ്ങളുടെ പോരാട്ടമാണ്. അക്കാര്യത്തില്‍ കോണ്‍ഗ്രസിനു പകരം നില്‍ക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കു കഴിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടിയധ്യക്ഷന്റെ അധികാരം കവര്‍ന്നെടുക്കപ്പെടുമെന്ന കാരണത്താലാണു കൂട്ടായ തീരുമാനങ്ങള്‍ക്കായി പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്ന ജി-23 നേതാക്കളുടെ ആവശ്യം ചിന്തന്‍ ശിബിറിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗം തള്ളിക്കളഞ്ഞത്. സ്ഥാനാര്‍ഥിനിര്‍ണയം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ ചുമതലയില്‍ തുടരും. അഞ്ചു വര്‍ഷമായി സജീവ പ്രവര്‍ത്തനത്തിലുള്ളവര്‍ക്ക് ഇളവു നല്‍കുക വഴി ”ഒരു കുടുംബത്തില്‍ ഒരു സ്ഥാനാര്‍ഥി” വ്യവസ്ഥ ഗാന്ധി കുടുംബത്തിനു ബാധകമാകുന്നത് ഒഴിവാക്കി. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാധ്ര എന്നിവരടക്കം നാനൂറോളം നേതാക്കന്മാരാണ് ത്രിദിന ചിന്തന്‍ ശിബിറില്‍ പങ്കെടുത്തത്.

