മുംബൈ: തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും കരകയറാതെ വിപണി. കനത്ത വില്പന സമ്മര്‍ദത്തെതുടര്‍ന്നാണ് സൂചികകള്‍ കൂപ്പുകുത്തിയത്. നിഫ്റ്റി 15,800 നിലവാരത്തിലേയ്ക്കുതാഴ്ന്നു. ഉച്ചയ്ക്കുശേഷത്തെ വ്യാപാരത്തിനിടെയാണ് സൂചികകള്‍ക്ക് 2.5ശതമാനത്തോളം നഷ്ടമായത്.
വര്‍ധിച്ചു വരുന്ന ഇന്ധനവില, യുദ്ധം, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്, പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയ ആശങ്കകള്‍ക്കൊപ്പം ദുര്‍ബലമായ ആഗോള വിപണിയും ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി.747 ഓഹരികള്‍ക്ക് മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കാനായത്. 2542 ഓഹരികളുടെ വിലിയിടിഞ്ഞു. 84 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല.സെന്‍സെക്സ് 1158.08 പോയിന്റ് നഷ്ടത്തില്‍ 52,930.31ലും നിഫ്റ്റി 359.10 പോയിന്റ് താഴ്ന്ന് 15,808ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനത്തോളം നഷ്ടംനേരിട്ടു.
പണപ്പെരുപ്പ കണക്കുകള്‍ അമേരിക്ക പുറത്തുവിട്ട സാഹചര്യത്തിലാണ് ഓഹരി വിപണിയുടെ വന്‍ത്തകര്‍ച്ച. യുഎസ് ഫെഡിന്റെ ഇടപെടല്‍ കര്‍ശനമാക്കിയേക്കുമെന്ന സൂചനയും ആഗോളതലത്തില്‍ മാന്ദ്യമുണ്ടായേക്കാമെന്ന ഭീതിയും നിക്ഷേപകരെ സമ്മര്‍ദത്തിലാക്കി. രൂപയുടെ മൂല്യമിടിവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ ദിവസങ്ങളിലെ പിന്മാറ്റവും വിപണിയെ ദുര്‍ബലമാക്കി.
അദാനി പോര്‍ട്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവയാണ് നഷ്ടംനേരിട്ട പ്രധാന ഓഹരികള്‍. വിപ്രോമാത്രമാണ് നേട്ടം നിലനിര്‍ത്തിയത്.സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്യാപിറ്റല്‍ ഗുഡ്സ്, ഓട്ടോ, ബാങ്ക്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, എഫ്.എം.സി.ജി, ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ 1-4ശതമാനം താഴ്ന്നു.
ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. കേരള കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളുടെയും വില ഇന്നലെ ഇടിഞ്ഞു. സ്കൂബി ഡേ ഗാര്‍മന്റ്സ് , ഇന്‍ഡിട്രേഡ് , കെഎസ്ഇ , ധനലക്ഷ്മി ബാങ്ക് , കൊച്ചിന് ഷിപ്പ യാര്‍ഡ് എന്നീ അഞ്ച് കേരള കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. എവിറ്റി, പാറ്റ്സ്പിന്‍ ഇന്ത്യ, ഈസ്റ്റേണ്‍ ട്രെഡ്സ്, ഫെഡറല്‍ ബാങ്ക്, കിറ്റെക്സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ഹാരിസണ്‍സ് മലയാളം, മണപ്പുറം ഫിനാന്‍സ് തുടങ്ങി 24 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

