പാലക്കാട് : ഇരട്ട കൊലപാതകത്തിന്റെ പാശ്ചാത്തലത്തില്‍ പാലക്കാട് ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് പിന്‍സീറ്റ് യാത്രക്ക് അനുമതിയുളളത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്‌എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പെടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് നടപടി.
നേരത്തെ ഏപ്രില്‍ 20ന് വൈകിട്ട് ആറുവരെ പാലക്കാട് ജില്ലാ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സ്‌ത്രീകളും കുട്ടികളും ഒഴികെയുളളവര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍ സീറ്റ് യാത്ര ചെയ്യാന്‍ പാടുളളതല്ലായെന്ന് വ്യക്തമാക്കികൊണ്ട് അഡീഷണല്‍ ഡിസ്‌ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്‌ഠന്റെ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു.