സ്വകാര്യ ബസിന് മുകളിൽ യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ നടപടി

പാലക്കാട്: പാലക്കാട് നെന്മറ – വല്ലങ്ങി വേലയ്ക്ക് ശേഷം സ്വകാര്യ ബസിന് മുകളിൽ അനധികൃതമായി യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ നടപടി. ഡ്രൈവർമാരുടെയും കണ്ടക്ടർ മാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. മന്ത്രി ഗതാഗത കമ്മീഷണർക്ക് നിർദേശം നൽകിയതിനെ തുടർന്ന് ബസ് ഡ്രൈവർമാരായ ടി സെന്തിൽ കുമാറിന്റെയും എ തൗഫീഖ്ന്‍ന്റെയും ഡ്രൈവിംഗ് ലൈസൻസുകളും കണ്ടക്ടർമാരായ ശരവണൻ ആർ, നജീബ് കെ പി എന്നിവരുടെ കണ്ടക്ടർ ലൈസെൻസുകളും പാലക്കാട്‌ ആർടിഒ എൻ. തങ്കരാജ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്

കൂടുതൽ ബസുകളിൽ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും പരിശോധന ഉണ്ടാത്തുമെന്നും അധികൃതർ അറിയിച്ചു. വാഹനങ്ങളുടെ പെർമിറ്റ്‌ റദ് ചെയ്യുവാനും ലൈസൻസ് സ്ഥിരമായി ക്യാൻസൽ ചെയ്യുവാനുമുള്ള കർശന നടപടികൾ സ്വീകരിക്കാനുമായിരുന്നു മന്ത്രി നിർദേശിച്ചത്. ഇതുപോലെ അപകടകരമായി വണ്ടിയോടിച്ച മറ്റു ബസുകൾക്കെതിരെയും ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ബസ് ജീവനക്കാർ രം​ഗത്തെത്തി. വേല ദിവസം തിരക്ക് നിയന്ത്രണവിധേയമായിരുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ആളുകൾ ഇറങ്ങാൻ തയ്യാറാകാതിരുന്നതോടെയാണ് ബസ് സർവ്വീസ് നടത്തേണ്ടി വന്നതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. നിരവധി ബസുകളിൽ സമാനമായ രീതിയിൽ യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തിയെങ്കിലും ഒരു ബസിലെ ജീവനക്കാർക്കെതിരെ മാത്രമാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നിൽ ചിലരുടെ വ്യക്തി താത്പര്യങ്ങളുണ്ടെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

ബസിന്റെ മുകളിലെ ക്യാരിയർ നിറയെ യാത്രക്കാർ, ടിക്കറ്റ് നൽകുന്ന കണ്ടക്ടറുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സന എന്ന സ്വകാര്യ ബസിലെ ഡ്രൈവർ തൗഫീഖ്, കണ്ടക്ടർ നസീബ് എന്നിവർക്കെതിരെ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനാണ് തീരുമാനം. എന്നാൽ പലതവണ യാത്രക്കാരോട് ആവശ്യപെട്ടിട്ടും ഇറങ്ങാൻ കൂട്ടാക്കിയില്ലെന്നും പൊലീസുകാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാതിരുന്ന ജനക്കൂട്ടത്തോട് തങ്ങൾ എങ്ങനെ പെരുമാറണമെന്നും ചോദിക്കുകയാണ് ബസ് ജീവനക്കാർ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →