എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് നെടുമ്പാശേരി ഗ്രാമപഞ്ചായത്ത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പഞ്ചായത്തിലെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി. വി കുഞ്ഞ് സംസാരിക്കുന്നു…
ആരോഗ്യമേഖല
ആരോഗ്യമേഖലയിൽ മികവുറ്റ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് കാഴ്ചവയ്ക്കുന്നത്. അലോപ്പതി, ആയുർവേദം, ഹോമിയോ മേഖലകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കോവിഡ് രൂക്ഷമായിരുന്നപ്പോൾ പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും ക്വാറന്റീൻ സെന്ററും പ്രവർത്തിച്ചു. വാക്സിനേഷൻ വിജയകരമായി പൂർത്തീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്ന് വാങ്ങുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി നല്ലൊരു ശതമാനം തുക പഞ്ചായത്ത് ചെലവഴിച്ച് വരുന്നു.
എല്ലാവർക്കും കരുതൽ
പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കീഴിൽ പാലിയേറ്റീവ് കെയർ പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി കിടപ്പുരോഗികൾക്ക് കൃത്യമായി സേവനങ്ങൾ ഉറപ്പാക്കുന്നു. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി വിവിധ പദ്ധതികൾ പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. പഞ്ചായത്തിലെ അങ്കണവാടികൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അങ്കണവാടികളിൽ പോഷകാഹാര വിതരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പഞ്ചായത്ത് തുക ചെലവഴിക്കുന്നു.
കാർഷിക മേഖല
കൃഷിക്ക് പ്രാധാന്യമുള്ള പഞ്ചായത്താണ് നെടുമ്പാശേരി. തരിശുനില കൃഷിക്ക് പഞ്ചായത്ത് പ്രാധാന്യം നൽകുന്നു. കർഷകർക്ക് ഗ്രോബാഗ്, വിത്ത്, സബ്സിഡിയോടുകൂടി വളം എന്നിവ കൃഷിഭവൻ വഴി നൽകുന്നു. സമഗ്ര പുരയിട കൃഷി വഴി ജാതി, തെങ്ങ്, കർഷകർക്ക് സബ്സിഡി നിരക്കിൽ വളം എന്നിവ വിതരണം ചെയ്യുന്നു. മുട്ടക്കോഴി വിതരണം, കന്നുകുട്ടി വിതരണം എന്നിവ നടപ്പാക്കുന്നു. സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നു.
മാലിന്യ നിർമാർജനം
പഞ്ചായത്തിൽ ഹരിത കർമസേനയുടെ പ്രവർത്തനം ശക്തമാണ്. ഒരു എം.സി.എഫ് പ്രവർത്തിക്കുന്നുണ്ട്; ഒരെണ്ണം കൂടി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഹരിത കർമ്മസേനാംഗങ്ങൾക്ക് ട്രോളിയും, വാഹനവും വാങ്ങി നൽകാൻ പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ വീടുകളിൽ ബയോ ബിന്നുകൾ വിതരണം ചെയ്യുകയാണ് മറ്റൊരു ലക്ഷ്യം. നിലവിലുള്ള ആർആർഎഫ് ( റിസോഴ്സ് റിക്കവറി ഫെസിലിറ്റി) സെന്റർ പുതുക്കി പണിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതി
ആസ്തി വികസനത്തിനുള്ള വിവിധ പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കി വരുന്നു. ലീഡിംഗ് ചാനലും തോടുകളും വൃത്തിയാക്കൽ, തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കൃഷിക്ക് നിലം ഒരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതി വഴി നടപ്പിലാക്കുന്നു.
കുടിവെള്ളം
പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ പഞ്ചായത്ത് ലക്ഷ്യമിടുന്നു. അതിനായുള്ള പ്രവർത്തനങ്ങൾ ഭാവിയിൽ നടപ്പിലാക്കും. ജല ജീവൻ മിഷൻ വഴി അഞ്ഞൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ സാധിച്ചു.
നാടിന്റെ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ ഭാവിയിൽ നടപ്പിലാക്കാൻ പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി സൗരോർജം ഉപയോഗപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. കാർഷിക മേഖല ശക്തിപ്പെടുത്താൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കും. നൂതന സംരംഭകരെ സ്വാഗതം ചെയ്യുന്നതിനും നിലവിലുള്ളവർക്ക് പ്രോത്സാഹനം നൽകുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കും.