റഷ്യയില്‍ നിന്ന് എണ്ണവാങ്ങല്‍: ചരിത്രത്തില്‍ എവിടെ നില്‍ക്കുമെന്ന് ഓര്‍ക്കണമെന്ന് ഇന്ത്യയോട് യു.എസ്.

വാഷിങ്ടണ്‍: റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ കുറഞ്ഞനിരക്കില്‍ ഇന്ത്യ വാങ്ങിയാല്‍ അത് ഉപരോധം ലംഘിക്കുന്നതാവില്ലെന്ന് അമേരിക്ക. റഷ്യയില്‍നിന്ന് കുറഞ്ഞവിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയുടെ പ്രതികരണം. അതോടൊപ്പം ഈ സമയത്തെക്കുറിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തുമ്പോള്‍ എവിടെയാണ് നിങ്ങള്‍ നില്‍ക്കുന്നത് എന്ന് ഓര്‍ക്കണമെന്നും സാക്കി പറഞ്ഞു. റഷ്യന്‍ നേതൃത്വത്തെ പിന്തുണയ്ക്കുക എന്നാല്‍ അധിനിവേശത്തെ പിന്തുണയ്ക്കുക എന്ന് അര്‍ഥമുണ്ടെന്നും അതിനു ഗുരുതര പ്രത്യാഘാതമുണ്ടെന്നും സാക്കി പറഞ്ഞു. എന്നാല്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ഇന്ത്യ പിന്തുണച്ചിട്ടില്ല. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് ഇന്ത്യ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടിട്ടുള്ളത്. എങ്കിലും റഷ്യക്കെതിരേയുള്ള എല്ലാ യു.എന്‍ പ്രമേയങ്ങളുടെ വോട്ടെടുപ്പില്‍നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. അതേസമയം ബൈഡന്‍ ഭരണകൂടത്തിലെ ഉന്നതര്‍ക്ക് ഇന്ത്യയുടെ സ്ഥിതിയെക്കുറിച്ച് ധാരണയുണ്ട്. തങ്ങളുടെ ദേശീയ സുരക്ഷയ്ക്കായി റഷ്യയില്‍ നിന്നുള്ള സൈനിക സഹായം വന്‍തോതില്‍ ഇന്ത്യ തേടുന്നുണ്ടെന്നും െബെഡന്‍ ഭരണകൂടം യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം റഷ്യയില്‍നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തെ എതിര്‍ത്ത് ഇന്ത്യന്‍ വംശജയായ കോണ്‍ഗ്രസ് അംഗം ഡോ. അമി ബെറ രംഗത്ത് എത്തി. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ചരിത്രത്തിന്റെ നിര്‍ണായകനിമിഷത്തില്‍ ലോകം മുഴുവന്‍ യുക്രൈന്‍ ജനതയ്ക്കൊപ്പം നിന്ന് റഷ്യന്‍ അനിധിവേശത്തെ എതിര്‍ക്കുമ്പോള്‍ ഇന്ത്യ വല്‍ദിമിര്‍ പുടിനൊപ്പം നില്‍ക്കാനാണ് തെരഞ്ഞെടുക്കുന്നതെന്ന് അമി ബെറ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →