തിരുവനന്തപുരം: ഉപയോഗിക്കാത്ത പാത്രങ്ങള്‍ ശബരിമലയില്‍ കുന്നുകൂടി കിടക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വാങ്ങിയതില്‍ 1.81 കോടി രൂപയുടെ അഴിമതി നടന്നെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ സെക്രട്ടറി വി എസ് ജയകുമാര്‍ 2014-15 കാലത്ത് ശബരിമല ദേവസ്വം എക്സി. ഓഫീസര്‍ ആയിരുന്നപ്പോഴും തുടര്‍ന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും നടത്തിയ ക്രമക്കേടുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
പുതിയ പാത്രങ്ങള്‍ വീണ്ടും വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകള്‍ ഹാജരാക്കി 1,81,89,490 രൂപയുടെ അഴിമതി നടത്തിയതായാണ് ഒരു കണ്ടെത്തല്‍. ഓഡിറ്റ് സമയത്ത് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മറച്ചുവയ്ക്കുകയും ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ പാലിക്കാതെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. എട്ട് അഴിമതി ആരോപണങ്ങളില്‍ ഏഴും ശരിയെന്നു തെളിഞ്ഞതായി കമ്മീഷന് കണ്ടെത്തി. അഡ്വ. ചെറുന്നിയൂര്‍ പി ശശിധരന്‍നായര്‍ കമ്മീഷനാണ് ക്രമക്കേടുകളെപ്പറ്റി അന്വേഷിച്ചത്. എന്നാല്‍, ആരോപണവും കമ്മീഷന് റിപ്പോര്‍ട്ടും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വി എസ് ജയകുമാര്‍ പറഞ്ഞു.

