ജയ്പൂര്‍: അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് മാതൃകയില്‍ രാജസ്ഥാനില്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ച് പൊലീസ്. രാജസ്ഥാന്‍ ജോധ്പൂര്‍ പൊലീസാണ് മാസ്‌ക് ധരിക്കാത്തതിന് യുവാവിനെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദിച്ചത്. മുകേഷ് കുമാര്‍ പ്രജാപത് എന്ന ബല്‍ദേവ് നഗര്‍ സ്വദേശിക്കുനേരെയായിരുന്നു അക്രമം. പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ല എന്ന കാരണത്താല്‍ ജോധ്പൂര്‍ പൊലീസ് യുവാവിന് പിഴയിട്ടു. ഇതില്‍ മുകേഷ്‌കുമാര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്.
മുകേഷ് കുമാറിനെ പൊലീസുകാരന്‍ ഇടിക്കുന്നതും കാല്‍മുട്ട് കഴുത്തില്‍ ചേര്‍ത്തുവച്ച ഞെരുക്കുന്നതും വീഡിയോയിലുണ്ട്. രണ്ട് പോലീസുകാര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വിവാദമായതോടെ പൊലീസുകാര്‍ക്കെതിരേ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്.