വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറ്: ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു

കണ്ണൂർ: വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിൽ ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു.

ഏച്ചൂർ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാൾ കുറ്റംസമ്മതിച്ചെന്നും പൊലീസു പറഞ്ഞു. സംഭവത്തിൽ ഏച്ചൂർ സ്വദേശികളായ സനീഷ്, ജിജിൽ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. ഏച്ചൂർ സ്വദേശി റിജുലിനെ അക്ഷയ്ക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മിഥുൻ എന്നയാളെക്കൂടി പിടികൂടാനുണ്ട്. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും പുറമെ മിഥുനും ബോംബിനെക്കുച്ച് അറിയാമായിരുന്നു എന്നാണ് പൊലീസ് നിഗമനം.

മിഥുനടക്കം നാല് പേർക്ക് ബോംബാക്രമണത്തിൽ നേരിട്ട് പങ്കുള്ളതായാണ് സൂചന. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നാണ് വിവരം. തോട്ടടയിലുള്ളവർക്ക് നേരെ എറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നെന്നാണ് പിടിയിലായവരും പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

വിവാഹം കഴിഞ്ഞ് തോട്ടടയിലേക്ക് എത്തിയവരുടെയെല്ലാം മൊഴി എടയ്ക്കാട് പൊലീസ് രേഖപ്പെടുത്തി. ഇനിയും പിടികൂടാനുള്ളവർ ജില്ല വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ബോംബറിഞ്ഞ ഏച്ചൂർ സംഘമെത്തിയ ടെംപോ ട്രാവലറിനായും പരിശോധന ഊർജിതമാക്കി. ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്ണു (26) ആണു ബോംബേറിൽ മരിച്ചത്. 6 പേർക്കു പരുക്കേറ്റിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്കു വിവാഹ പാർട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടൻ, 100 മീറ്റർ പിന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്. ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സൽക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരിൽ നിന്നും തോട്ടടയിൽ നിന്നുമുള്ള 2 വിഭാഗങ്ങൾ തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബോംബേറ് ഉണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →