ന്യൂഡല്‍ഹി: ഇതിഹാസ കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി ബിര്‍ജു മഹാരാജ് കൊച്ചുമക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിവസങ്ങള്‍ക്കുമുമ്പ് വൃക്കരോഗം കണ്ടെത്തി ഡയാലിസിസ് ചെയ്തു വരികയായിരുന്നു. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരിലൊരാളാണ് ബ്രിജ്‌മോഹന്‍ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജ്. നിരവധി കഥക് നൃത്തങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇദ്ദേഹം ലോകമെമ്പാടും നൃത്താവതരണങ്ങള്‍ നടത്തിയിട്ടുണ്ട്.
പണ്ഡിറ്റ്ജി, മഹാരജ്ജി എന്നെല്ലാമാണ് അദ്ദേഹത്തെ പ്രിയപ്പെട്ടവരും ശിഷ്യരും വിളിച്ചിരുന്നത്. 1938 ല്‍ ലക്നൗവിലാണ് ജനനം.ഏഴ് വയസ്സില്‍ തന്നെ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് നൃത്തത്തിന്റെ ലോകത്തിലേക്ക് എത്തി. പിന്നാലെ വാദ്യോപകരസംഗീതം, നൃത്തസംവിധാനം, ഗാനരചന മേഖലകളിലും അദ്ദേഹം ശോഭിച്ചു. കഥക് നൃത്തത്തില്‍ പേരുകേട്ടവരാണ് മഹാരാജ് കുടുംബം. പിതാവും ഗുരുവുമായ അച്ചന്‍ മഹാരാജ്, അമ്മാവന്‍മാരായ ശംഭു മഹാരാജ്, ലച്ചു മഹാരാജ് എന്നിവരെല്ലാം പ്രശസ്ത കഥക് നര്‍ത്തകരാണ്. നര്‍ത്തകന്‍ മാത്രമല്ല ഗായകന്‍ കൂടിയാണ് ബിര്‍ജു മഹാരാജ്. ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുണ്ട്. തുംരി, ദാദ്ര, ഭജന്‍, ഗസല്‍ എന്നിവയില്‍ പ്രാവീണ്യം നേടിയ ബിര്‍ജു മഹാരാജ് ഒരു മികച്ച ഗായകന്‍ കൂടിയായിരുന്നു. തന്റെ ജീവിതത്തിലെ സംഭവങ്ങള്‍ കലയില്‍ സന്നിവേശിപ്പിച്ച് കലാസ്വാദകരെ അമ്പരപ്പിച്ച നര്‍ത്തകനാണ് അദ്ദേഹം.

